ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് സാങ്കേതികത്തകരാർ സംഭവിച്ചു. ഝാർഖണ്ഡിലെ ദേവ്ഘറിൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാങ്കേതികപ്രശ്‌നം പരിഹരിക്കുന്നതുവരെ വിമാനം എയർപോർട്ടിൽത്തന്നെ തുടരുന്നതിനാൽ മോദിയുടെ ഡൽഹിയിലേക്കുള്ള തിരിച്ചുപോക്ക് വൈകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് ഡൽഹിയിലേക്ക് തിരിച്ചുപോകാനായി മോദി വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം.
സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ സാങ്കേതിക വിദഗ്ധർ വിമാനം പറപ്പിച്ചപ്പോഴാണ് സാങ്കേതിക പ്രശ്‌നമുള്ളതായി തിരിച്ചറിഞ്ഞത്. തുടർന്ന് നിലത്തിറക്കുകയായിരുന്നു. ഝാർഖണ്ഡിൽ ഇന്ന് രണ്ട് തിരഞ്ഞെടുപ്പു റാലികളിലാണ് മോദി പങ്കെടുത്തത്.
Also Read: ‘പിനാക’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
ഗോത്രവർഗ നേതാവായ ബിർസ മുണ്ടയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ജൻജാതീയ ഗൗരവ് ദിവസ് പരിപാടികളുമായി ബന്ധപ്പെട്ടായിരുന്നു റാലികൾ. ഝാർഖണ്ഡിൽ നവംബർ 20-ന് നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മോദിയുടെ സന്ദർശനം.
അതേസമയം ദേവ്ഘറിൽനിന്ന് 80 കിലോമീറ്റർ അകലെ, എയർ ട്രാഫിക് കൺട്രോളിൽനിന്നുള്ള ക്ലിയറൻസ് കാത്ത് രാഹുൽ ഗാന്ധിയുടെ ഹെലിക്കോപ്ടർ മുക്കാൽ മണിക്കൂറോളം നിലത്തുനിർത്തി. തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങൾക്കെത്തിയതാണ് രാഹുൽ ഗാന്ധിയും.