കുടുംബാധിപത്യത്തിൽ ‘തിളങ്ങി’ മോദിയുടെ മൂന്നാം മന്ത്രിസഭ

കുടുംബാധിപത്യത്തിൽ ‘തിളങ്ങി’ മോദിയുടെ മൂന്നാം മന്ത്രിസഭ
കുടുംബാധിപത്യത്തിൽ ‘തിളങ്ങി’ മോദിയുടെ മൂന്നാം മന്ത്രിസഭ

കുടുംബാധിപത്യം, അത് ഏത് രാഷ്ട്രീയ പാർട്ടിയിലായാലും ഭരണ കൂട്ടത്തിലായാലും ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. കമ്യൂണിസ്റ്റു പാർട്ടികൾ ഒഴികെ രാജ്യത്തെ ബഹുഭൂരിപക്ഷം പാർട്ടികളിലും ഈ കുടുംബാധിപത്യം നിലവിലുണ്ട്. അതിപ്പോൾ നരേന്ദ്ര മോദി സർക്കാറിലും പ്രകടമാണ്.

കുടുംബാധിപത്യത്തിനും സ്വജനപക്ഷപാതത്തിനുമെതിരെ നിരന്തരം ആഞ്ഞടിക്കുന്ന, നരേന്ദ്രമോദിയുടെ പുതിയ മന്ത്രിസഭയിലെ 20 പേരും മുതിര്‍ന്ന രാഷ്‌ട്രീയ നേതാക്കളുടെ മക്കളാണ്. കാബിനറ്റ്‌ റാങ്കുള്ള 30 മന്ത്രിമാരിൽ ഒമ്പതുപേരാകട്ടെ മക്കൾ രാഷ്‌ട്രീയത്തിന്റെ പ്രതിനിധികളുമാണ്. സ്വതന്ത്ര ചുമതല ഉള്ളവരടക്കം 12 സഹമന്ത്രിമാരും ഈ പട്ടികയിൽ ഉൾപ്പെടും. ഈ പേരുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും വൈറലാണ്.

പട്ടികയിലെ ആദ്യ പേര് ജ്യോതിരാദിത്യ സിന്ധ്യയുടേതാണ്.
രാജീവ്‌ ഗാന്ധി, നരസിംഹറാവു മന്ത്രിസഭകളിൽ അംഗമായിരുന്ന പ്രമുഖ കോൺഗ്രസ്‌ നേതാവ്‌ മാധവറാവു സിന്ധ്യയുടെ മകനാണ് ഇദ്ദേഹം. കോൺഗ്രസ്‌ വിട്ട്‌ ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ രണ്ടാം തവണയാണ്‌ മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കോടെ അംഗമാകുന്നത്‌.

അടുത്തത് ധർമേന്ദ്ര പ്രധാൻ ആണ്. വാജ്‌പേയ് മന്ത്രിസഭയിൽ അംഗമായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകനാണ് ഈ മന്ത്രി. മറ്റൊരു കാബിനറ്റ് മന്ത്രിയായ എച്ച്‌ ഡി കുമാരസ്വാമി,
മുൻ പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡയുടെ മകനും, ജെഡിഎസ്‌ നേതാവുമാണ്. കർണ്ണാടക മുഖ്യമന്ത്രിയായും നിരവധി തവണ കുമാര സ്വാമി പ്രവർത്തിച്ചിട്ടുണ്ട്.

ബിജെപി നേതാവും മോദി മന്ത്രിസഭയിലെ പ്രമുഖനുമായ പീയൂഷ്‌ ഗോയൽ,
വാജ്‌പേയ്‌ മന്ത്രിസഭയിൽ ഷിപ്പിങ്‌ മന്ത്രിയും ബിജെപി മുൻ ട്രഷററുമായിരുന്ന വേദ്‌ പ്രകാശ്‌ ഗോയലിന്റെ മകനാണ്.

എൽജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന രാംവിലാസ്‌ പാസ്വാന്റെ മകൻ ചിരാഗ് പാസ്ഥാനും മോദി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയാണ്.

അരുണാചലിലെ കോൺഗ്രസ്‌ നേതാവും ആദ്യ പ്രോടേം സ്‌പീക്കറുമായിരുന്ന റിഞ്ചിൻ ഖാരുവിന്റെ മകന്‍ കിരൺ റിജിജുവും മോദി മന്ത്രിസഭയിലെ ശ്രദ്ധേയമായ മുഖമാണ്.

മോദി സർക്കാരിൽ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായ റാം മോഹൻ നായിഡു ടിഡിപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന യെരൻ നായിഡുവിന്റെ മകനാണ്. 36 വയസ്സുമാത്രമാണ് അദ്ദേഹത്തിനുള്ളത്.

ബിജെപി അഖിലേന്ത്യാ പ്രസിഡൻ്റും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ പി നദ്ദ,
മധ്യപ്രദേശിൽനിന്നുള്ള മുൻ എംപിയും സംസ്ഥാന മന്ത്രിയുമായ ജയശ്രീ ബാനർജിയുടെ മരുമകനാണ്.

ജെഡിയു മുൻ എംഎൽഎ രമേശ്‌ പ്രസാദിന്റെ ഭാര്യയും ബിജെപി നേതാവുമായ അന്നപൂർണ ദേവിയും ഇത്തവണ മോദി മന്ത്രിസഭയിലുണ്ട്.

കോൺഗ്രസ്‌ നേതാവും രണ്ട്‌ പ്രധാനമന്ത്രിമാരുടെ ഉപദേശകനുമായിരുന്ന ജിതേന്ദ്ര പ്രസാദയുടെ മകനായ ജിതിൻ പ്രസാദയും മോദി സഭയിലെ മന്ത്രിമുഖമാണ്.

അപ്‌നാദൾ സ്ഥാപകൻ സോനേലാൽ പട്ടേലിന്റെ മകൾ അനുപ്രിയ പട്ടേൽ , ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്റെ മകൻ രാംനാഥ് ഠാക്കൂർ, മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ ചെറുമകൻ ജയന്ത് ചൗധരി എന്നിവരും ഇത്തവണ കേന്ദ്ര മന്ത്രിസഭയിലുണ്ട്.

ഹരിയാന മുൻ മുഖ്യമന്ത്രി ബിരേന്ദ്രർ സിങ്ങിന്റെ മകനായ റാവു ഇന്ദ്രജിത്‌ സിങ്‌, എസ് നേതാവും യുപി മന്ത്രിയും ഗോണ്ടയിൽനിന്നുള്ള എംപിയുമായിരുന്ന ആനന്ദ്‌ സിങ്ങിന്റെ മകൻ. കൃതിവർധൻ സിങ്. എസ്‌പി നേതാവ്‌ ഓം പ്രകാശ്‌ പാസ്വാന്റെ മകൻ ബിജെപി നേതാവ്‌ കമലേഷ്‌ പാസ്വാൻ,
മഹാരാഷ്‌ട്രയിലെ എൻസിപി നേതാവും മന്ത്രിയുമായിരുന്ന… ഏക്‌നാഥ്‌ ഖഡ്‌സെയുടെ മരുമകൾ രക്ഷ ഖഡ്‌സെ , എന്നിവർ ബി.ജെ.പി പ്രതിനിധികളായി മോദി മന്ത്രിസഭയിലുണ്ട്.

മുൻ മധ്യപ്രദേശ്‌ മന്ത്രിയും ബിജെപി നേതാവുമായ ഗൗരിശങ്കർ ഷെജ്‌വാറിന്റെ സഹോദരീഭർത്താവ്‌. വീരേന്ദ്രകുമാർ ഖതിക്‌ ആണ് മറ്റൊരു കേന്ദ്ര മന്ത്രി.
മുൻ ബംഗാൾ മന്ത്രി തൃണമൂൽ നേതാവുമായിരുന്ന മഞ്ജുൾ കൃഷ്ണ ഠാക്കൂറിന്റെ മകനും… ബിജെപി നേതാവുമായ ശാന്തനു ഠാക്കൂറും കേന്ദ്ര മന്ത്രിസഭയിൽ അംഗമാണ്.

ഏറ്റവും ഒടുവിൽ, എ.എ.പിയിൽ ഭിന്നിപ്പ് ലക്ഷ്യമിട്ട്, പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി ബിയാന്ത്‌ സിങ്ങിന്റെ ചെറുമകനും. എഎപിയിൽനിന്ന്‌ കൂറുമാറി ബിജെപിയിൽ ചേർന്ന നേതാവുമായ, റവ്നീത് സിങ്‌ ബിട്ടുവിനെയാണ്, മോദി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Top