എല്ലാ കണ്ണുകളും 2025 ഐ.പി.എല്‍ ലേലത്തിലാണ്. ഇഷ്ട താരങ്ങളിൽ ആരൊക്കെ ടീം വിട്ട് പോകുമെന്നും ടീമിൽ തുടരുമെന്നും അറിയാൻ ക്രിക്കറ്റ് ആരാധകര്‍ കാത്തിരിപ്പിലാണ്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂട് പിടിക്കുന്നുമുണ്ട്. അതിൽ ഏറ്റവും പ്രാധാന്യം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ടീം സെലക്ഷനാണ്. ഏത് ടീം ആയിരിക്കും താരത്തെ സ്വന്തമാക്കുന്നത് എന്നതിനെക്കുറിച്ചാണ് ഇപ്പോൾ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് സംസാരിക്കുന്നത്. രോഹിത്തിനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകനാക്കണമെന്നാണ് കൈഫ് അഭിപ്രായപ്പെട്ടത്.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രസ്താവന.
‘ഒരു താരത്തിന് 19 അല്ലെങ്കില്‍ 20 വയസ് ഉണ്ടാവാം. എന്നാല്‍ രോഹിത് ശര്‍മക്ക് ഒരു കളിക്കാരനെ 18ല്‍ നിന്നും 20ലേക്ക് മാറ്റാന്‍ സാധിക്കും. ഓരോ താരങ്ങളില്‍ നിന്നും അവരുടെ മികച്ച കഴിവുകള്‍ പുറത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിയും. കളിക്കളത്തില്‍ തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ ആര്‍.സി.ബിക്ക് അവസരം ലഭിക്കുകയാണെങ്കില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റനായി നിയമിക്കണം,’ മുഹമ്മദ് കൈഫ് പറഞ്ഞു.
Also Read: ലാലിഗയിൽ നാടകീയതകൾക്ക് സമനിലയിൽ സമാപനം
ഫാഫ് ഡുപ്ലെസിസിന് പകരക്കാരനായി പുതിയ ഒരു ക്യാപ്റ്റനെ ടീമിലെത്തിക്കാന്‍ ബെംഗളൂരു ലക്ഷ്യമിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ അന്തരീക്ഷത്തിൽ നിലനില്‍ക്കുന്നുണ്ട്. ആര്‍.സി.ബി പുതിയ താരത്തെ ടീമില്‍ എത്തിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അതേസമയം കഴിഞ്ഞ സീസണില്‍ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ട് ഹര്‍ദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് കൈപിടിച്ച മുംബൈ ഇന്ത്യന്‍സ് ഇക്കുറി രോഹിത് ശര്‍മയെ നിലനിര്‍ത്തുമോയെന്നും കണ്ടറിയേണ്ടതുണ്ട്.
മുംബൈ ഇന്ത്യന്‍സിന് വേണ്ടി ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഹര്‍ദിക്കിന് കഴിഞ്ഞിരുന്നില്ല. എന്നാൽ ഗുജറാത്തിനൊപ്പം ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിരുന്നു. സീസണിലുടനീളം ഏറെ വിമർശനങ്ങൾക്കു ഇരയാകേണ്ടി വന്ന ഹര്‍ദിക്ക് പക്ഷെ ടി-20 ലോകകപ്പ് ഇന്ത്യന്‍ മണ്ണിലെത്തിച്ചായിരുന്നു മറുപടി നൽകിയത്.