സൂപ്പർ ക്യാച്ചുമായി മുഹമ്മദ് റിസ്‌വാൻ

സൂപ്പർ ക്യാച്ചുമായി മുഹമ്മദ് റിസ്‌വാൻ
സൂപ്പർ ക്യാച്ചുമായി മുഹമ്മദ് റിസ്‌വാൻ

റാവൽപിണ്ടി: പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റിൽ പൊരുതുകയാണ് ബംഗ്ലാദേശ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 448നെതിരെ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോൾ മൂന്നിന് 148 എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇപ്പോഴും 298 റൺസ് പിറകിലാണ് ബംഗ്ലാദേശ്. ഖുറാം ഷഹ്‌സാദ് രണ്ട് വിക്കറ്റുകൽ വീഴ്ത്തി. നേരത്തെ മുഹമ്മദ് റിസ്‌വാൻ (171), സൗദ് ഷക്കീൽ (141) എന്നിവരുടെ ഇന്നിംഗ്‌സാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

മത്സരത്തിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അതിലെ ഹീറോയും റിസ്‌വാൻ തന്നെ. ബംഗ്ലാദേശ് ഓപ്പണർ സാകിർ ഹസന്റെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. നസീം ഷായുടെ പന്തിലായിരുന്നു വിക്കറ്റ്.

സാക്കിറിന് പുറമെ നജ്മുൽ ഹുസൈൻ ഷാന്റോ (16), മൊമിനുൽ ഹഖ് (50) എന്നിവരുടെ വിക്കറ്റുകളും ബാംഗ്ലാദേശിന് നഷ്ടമായി. ഷദ്മാൻ ഇസ്ലാം (64), മുഷ്ഫിഖുർ റഹീം (5) എന്നിവരാണ് ക്രീസിൽ. നേരത്തെ മൂന്നിന് 16 എന്ന അവസ്ഥയിൽ നിന്നാണ് പാകിസ്ഥാൻ മികച്ച സ്‌കോറിലെത്തുന്നത്. അബ്ദുള്ള ഷെഫീഖ് (2), ഷാൻ മസൂദ് (6), ബാബർ അസം (0) എന്നിവർക്ക് തിളങ്ങാൻ സാധിച്ചിരുന്നില്ല. പിന്നീട് സൈം അയൂബ് (56) ഷക്കീൽ സഖ്യം 98 റൺസ് കൂട്ടിചേർത്തു. ഹസൻ മഹ്മൂദാണ് കൂട്ടുകെട്ട് പൊളിക്കുന്നത്.

അയൂബ് പുറത്ത്. തുടർന്ന് ഷക്കീൽ – റിസ്വാൻ സഖ്യമാണ് തകർച്ചയിൽ നിന്ന് പാകിസ്ഥാനെ രക്ഷിക്കുന്നത്. ഇരുവരും 240 റൺസ് കൂട്ടിചേർത്തു. ഇതുതന്നെയാണ് പാകിസ്ഥാന്റെ ഇന്നിംഗ്സിൽ നട്ടെല്ലായതും. പിന്നാലെ ഷക്കീലിനെ മെഹിദി ഹസൻ മിറാസിന്റെ പന്തിൽ ലിറ്റൺ ദാസ് സ്റ്റംപ് ചെയ്ത് പുറത്താക്കി. 261 പന്തുകൾ നേരിട്ട താരം 9 ബൗണ്ടറികൾ നേടി. തുടർന്നെത്തിയ അഗ സൽമാന് (19) കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല. ഷഹീൻ അഫ്രീദി (29) റിസ്വാൻ സഖ്യം പിന്നീട് 50 റൺസ് കൂട്ടിചേർത്തു. ഇതിടെ സ്‌കോർ 450ന് അടുത്തെത്തി.

പിന്നാലെ ഡിക്ലയർ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 239 പന്തുകൾ നേരിട്ട റിസ്വാൻ മൂന്ന് സിക്സും 11 ഫോറും നേടി. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുൾ ഇസ്ലാം, ഹസൻ മഹ്മൂദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാക്കിബ് അൽ ഹസൻ, മെഹിദി ഹസൻ മിറാസ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

Top