തിരുവനന്തപുരം: 2 ലക്ഷം രൂപ വെച്ചാൽ 5 ലക്ഷത്തിന്റെ ഡോളർ കിട്ടുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ സംഘം ആറ്റിങ്ങലിൽ പിടിയിലായി. ചിറ്റാറ്റിൻകര എംജി റോഡിൽ ജ്വല്ലറി ബിസിനസ് നടത്തുന്ന ശ്യാമിൽ നിന്നും നോട്ട് ഇരട്ടിപ്പിച്ച് നൽകാമെന്ന വ്യാജേന രണ്ട് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സംഘം.
തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി മുഹമ്മദ് ഷാൻ, കൊല്ലം കുന്നത്തൂർ സ്വദേശി ചന്ദ്രബാബു, കൊല്ലം ആയൂർ സ്വദേശി ഗീവർഗീസ് എന്നിവരാണ് ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായത്. കള്ളനോട്ട് ,കുഴൽപ്പണം, പിടിച്ചുപറി ,വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാൻ.
Also Read: സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; കായികാധ്യാപകൻ അറസ്റ്റിൽ
മുഹമ്മദ് ഷാനും ചന്ദ്രബാബുവും സാമ്പത്തിക പ്രതിസന്ധിലായിരുന്ന ശ്യാമിനെ ബന്ധപ്പെടുകയായിരുന്നു. അടൂരിൽ വച്ച് ചന്ദ്രബാബു ശ്യാമിൽ നിന്നും 80,000 രൂപ വാങ്ങി. അന്നു തന്നെ കാർബൺ ഫിലിം മൂടിയ ഒരു പെട്ടി ഉപയോഗിച്ച് നോട്ടിരട്ടിപ്പിക്കൽ സാധ്യമാണെന്ന് ശ്യാമിനെ വിശ്വസിപ്പിക്കുയും ചെയ്തു. ഇതിൽ വിശ്വസിച്ച ശ്യാം പിന്നീട് 1,20,000 രൂപ കൂടി ഇവർക്ക് നൽകി.
ഇവർ ശ്യാമിനോട് കൂടുതൽ പണം ആവശ്യപ്പെട്ടു. ഇവർക്ക് നൽകാനായി ശ്യാം തിരുവനന്തപുരത്തുള്ള സുഹൃത്തിനോട് പണം ചോദിച്ചു. ഈ സുഹൃത്ത് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരൺ നാരായണനെ വിവരം അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് വന്നത്. പ്രതികളെ പിടിക്കുന്ന വേളയിൽ ഇവരുടെ പക്കൽ നിന്നും കുറച്ച് രാസ വസ്തുക്കളും നോട്ടിന്റെ ആകൃതിയിൽ രൂപപ്പെടുത്തിയ കട്ടിയുള്ള കറുത്ത പേപ്പറുകളും 70,000 രൂപയും നോട്ട് നിർമ്മാണ സാമഗ്രികളും പൊലീസ് കണ്ടെടുത്തു.