കൊച്ചി: ചലച്ചിത്രമേഖലയിലെ തൊഴിലാളികള്‍ക്കായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ഫെഫ്ക. കൊച്ചിയില്‍ ചലച്ചിത്ര തൊഴിലാളി സംഗമത്തിലായിരുന്നു പ്രഖ്യാപനം. സംഗമത്തില്‍ വെച്ച് പുതുമുഖ സംവിധായകനാകുന്ന മോഹന്‍ലാലിന് ഫെഫ്ക സംവിധായക യൂണിയനില്‍ അംഗത്വം നല്‍കി. വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ചികിത്സാസഹായം കിട്ടുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏപ്രില്‍ 1ന് നിലവില്‍വരും. ഫെഫ്കയിലെ ഇരുപതിലധികം യൂണിയനുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിക്ക് ആശംസകള്‍ നേര്‍ന്ന് താരപ്രമുഖരുമെത്തി. ബറോസിലൂടെയാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധായകനായി എത്തുന്നത്.
സ്വീകരണത്തിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഫെഫ്ക സംവിധായക കുടുംബത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും മോഹന്‍ലാല്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഇതാദ്യമായി ഫെഫ്ക ഡ്രൈവേഴ്‌സ് യൂണിയനില്‍ വനിതയെത്തുന്നതിനും ഒരു ദശാബ്ധത്തിനിപ്പുറം നടക്കുന്ന ചലച്ചിത്രതൊഴിലാളി സംഗമം സാക്ഷ്യം വഹിച്ചു. സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പ്രതിനിധികളായ ഏഴ് പേരൊന്നിച്ചാണ് സംഗമം ഉദ്ഘാടനം ചെയ്തത്.