സുല്‍ത്താന്‍ ബത്തേരി: നിരവധി ആളുകളിൽ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി പിടിയിൽ. മലപ്പുറം എടക്കര സ്വദേശി ടി എം ആസിഫിനെയാണ് സുല്‍ത്താന്‍ ബത്തേരി പൊലീസ് പിടികൂടിയത്. വിദേശത്ത് നിന്ന് തിരിച്ചു വരവേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇയാൾ പിടിയിലാകുന്നത്.
ഓണ്‍ലൈന്‍ ബിസിനസ് മണി സ്‌കീമിലൂടെ പണം ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയത്. ‘മൈ ക്ലബ് ട്രേഡേഴ്സ് ട്രേഡ് സര്‍വീസസ്, ഇന്റര്‍നാഷണല്‍ എല്‍.എല്‍.പി’ എന്ന കമ്പനിയുടെ പേരില്‍ 2020 ജൂണ്‍ 25ന് ബത്തേരിയിലെ ഹോട്ടലില്‍ യോഗം വിളിച്ചായിരുന്നു തട്ടിപ്പ്. 2022ല്‍ നൂല്‍പ്പുഴ സ്വദേശിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മീനങ്ങാടി, ബത്തേരി, മുക്കം, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ സമാന കേസുണ്ട്.