സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം എത്തുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നുണ്ടെന്നും ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപെട്ട സ്ഥലങ്ങളില്‍ ഇന്ന് അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ജൂണ്‍ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ കൂടി ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഏഴായി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അേലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള്‍ കേരളത്തില്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി.

മൂന്നു ദിവസത്തിനകം കാലവര്‍ഷം കേരളത്തില്‍ എത്തും എന്നാണ് നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. കാലവര്‍ഷക്കാറ്റുകള്‍ക്കൊപ്പം തെക്കന്‍ തമിഴ്‌നാട് തീരത്തുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്. മഴ ദിവസങ്ങള്‍ കുറയുകയും കൂടുതല്‍ മഴ ലഭിക്കുകയും ചെയ്യുന്ന ചെറിയ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത. മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രണയങ്ങളും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ തീര മേഖലയില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി. കടലില്‍ പോകുന്നതിന് മത്സ്യത്തൊഴിലാളികള്‍ക്കും നിയന്ത്രണമുണ്ട്. തെക്കന്‍ കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന്‍ പോകാന്‍ പാടില്ലെന്ന നിര്‍ദേശവുമുണ്ട്.

Top