അരേസി സസ്യകുടുംബത്തിലെ ഒരു അലങ്കാരസസ്യമാണ് മോണ്‍സ്റ്റെറ. ഇലകള്‍ നിറയെ കീറിയതുപോലെ കാണപ്പെടുന്ന ഈ അലങ്കാരച്ചെടിയുടെ ജന്മദേശം അമേരിക്കയിലെ മെക്‌സിക്കോ മുതല്‍ പനാമ വരെയുള്ള വനപ്രദേശങ്ങളാണെന്നു കരുതുന്നു. പടര്‍ന്നു കയറുന്ന സ്വഭാവം കാണിക്കുന്ന ഈ സസ്യം ഉഷ്ണമേഖലാ കാലാവസ്ഥയും ഭാഗീകമായ തണലും ഇഷ്ടപ്പെടുന്ന ഒരു സസ്യമാണ്. തൈകളില്‍ കാണപ്പെടുന്ന ഇലകള്‍ക്ക് ഹൃദയാകാരവും കീറലും ഉണ്ടായിരിക്കുകയില്ല എങ്കിലും ചെടി നല്ല രീതിയില്‍ വളരുമ്പോള്‍ തിളക്കമാര്‍ന്ന പച്ച ഇലകള്‍ കീറിയതുപോലെ കാണപ്പെടുന്നു. വൃക്ഷങ്ങളില്‍ പറ്റിപ്പിടിച്ചു വളരുന്ന ഈ അലങ്കാരചെടിക്ക് പുറമെയും വേരുകള്‍ കാണപ്പെടുന്നു. ഈ ചെടിയില്‍ നിന്നും ലഭിക്കുന്ന സെറിമാന്‍ എന്നറിയപ്പെടുന്ന കായ്കള്‍ ഭക്ഷ്യയോഗ്യമാണ്. എങ്കിലും മറ്റ് ഭാഗങ്ങള്‍ക്ക് വിഷാംശം കാണപ്പെടുന്നു.
വീടുകളില്‍ എളുപ്പത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ഇവയ്ക്ക് അധികം സൂര്യപ്രകാശം ആവശ്യമില്ല അതുകൊണ്ടുതന്നെ ഇന്‍ഡോര്‍ ആയും ഈ ചെടി വളര്‍ത്താം. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം വെള്ളമൊഴിച്ചാല്‍ മതിയാകും. ഇന്ന് ഒട്ടുമിക്ക വീടുകളുടെ അകത്തളങ്ങളിലും സ്ഥാനം പിടിച്ചു കഴ്ഞ്ഞിരിക്കുന്ന, ഈ ചെടിയുടെ കുറച്ചധികം വെറൈറ്റികള്‍ ഇന്ന് സുലഭമായി ലഭിക്കും.