തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന തുറന്നുകാട്ടപ്പെട്ടെന്ന് സിപിഐഎം. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഉണ്ടാക്കിയ തിരക്കഥകള്‍ പൊളിഞ്ഞെന്നും സിപിഐഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കമ്പനികള്‍ നിയമപരമായി നടത്തിയ ഇടപാടില്‍ മുഖ്യമന്ത്രിയെ വലിച്ചിഴച്ചുവെന്ന് സിപിഐഎം കുറ്റപ്പെടുത്തി. ‘കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി’യെന്ന് പരിഹസിച്ച സിപിഐഎം പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയായിരുന്നു മാത്യു കുഴല്‍നാടന്റെ ലക്ഷ്യമെന്നും ചൂണ്ടിക്കാണിച്ചു. ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയാന്‍ തയ്യാറാകണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.
മാസപ്പടി കേസില്‍ തെളിവില്ലെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ആരോപണം മാത്രമാണുള്ളതെന്നും തെളിവൊന്നും ഇല്ലെന്നും കേസില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു. ഹര്‍ജി അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നും സിഎംആര്‍എല്‍ പണം നല്‍കിയിട്ടുള്ള മറ്റാരുടെയും പേരില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ മാത്രം അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെന്നും വിധി പകര്‍പ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്ഷേപങ്ങള്‍ക്ക് വസ്തുതാപരമായി അടിസ്ഥാനമില്ലെന്നും പ്രഥമ ദൃഷ്ട്യ തെളിവൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിധിപകര്‍പ്പില്‍ വ്യക്തമാക്കുന്നു.