തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എസ്എഫ്ഐഒ. അന്വേഷണത്തില്‍ കൂടുതല്‍ രേഖകള്‍ ശേഖരിച്ചു. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളടക്കം എട്ട് സ്ഥാപനങ്ങളില്‍ നിന്നാണ് രേഖകള്‍ ശേഖരിച്ചത്.
ജെഡിടി ഇസ്ലാമിക്, കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും രേഖകള്‍ ശേഖരിച്ചു. അനന്തപുരി എഡ്യുക്കേഷന്‍ സൊസൈറ്റിയും റിന്‍സ് ഫൗണ്ടേഷനും രേഖകള്‍ കൈമാറി. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് എസ്എഫ്ഐഒ നീക്കം. എക്സാലോജിക്കുമായി ഇടപാട് നടത്തിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഇതിനിടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ കേസെടുക്കേണ്ടതില്ലെന്ന് വിജിലന്‍സ് അറിയിച്ചിരുന്നു. കേസില്‍ നടപടിയെടുത്തില്ലെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജിക്ക് മറുപടി നല്‍കുകയായിരുന്നു വിജിലന്‍സ്. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍, സിഎംആര്‍എല്‍, സിഎംആര്‍എല്‍ എം ഡി, എക്‌സാലോജിക് എം ഡി എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് കോടതി വിജിലന്‍സിന് നോട്ടീസ് അയച്ചിരുന്നു.