CMDRF

കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ പിടിയിൽ

കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ പിടിയിൽ
കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണം: മുഖ്യപ്രതി ഗുജറാത്തിൽ പിടിയിൽ

കോഴിക്കോട്: കൊടിയത്തൂരിലെ സദാചാര ഗുണ്ടാ ആക്രമണത്തിലെ മുഖ്യപ്രതി അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ച് പിടിയിലായി. കേസിലെ പ്രധാന പ്രതിയായ റഫീഖ് കാരിപ്പറമ്പാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്. ഇയാളെ മുക്കം പോലീസിന് കൈമാറും.യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് ചാത്തമംഗലം പാഴൂർ സ്വദേശി ആബിദിന് നേരേ സദാചാര ഗുണ്ടാ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആബിദ് അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രണ്ട് കാറുകളിലായി എത്തിയ അക്രമിസംഘം ആദ്യം യുവതിയെ കാറിലേക്ക് ബലമായി പിടിച്ചുകയറ്റി. പിന്നാലെയാണ് സ്ഥാപനത്തിലുണ്ടായിരുന്ന ആബിദിനെ ബലമായി പിടിച്ചിറക്കി മറ്റൊരു കാറിൽ കയറ്റി തട്ടിക്കൊണ്ടുപോയത്. തുടർന്ന് കാറിൽവെച്ചും അജ്ഞാതകേന്ദ്രത്തിൽവെച്ചും ക്രൂരമായി മർദിക്കുകയായിരുന്നു. ആക്രമണത്തിൽ തലയോട്ടിക്ക് പൊട്ടലുണ്ടായെന്നും വാരിയെല്ലിനടക്കം പരിക്കുണ്ടെന്നും ആബിദിന്റെ ബന്ധു പറഞ്ഞു.

സദാചാര ആക്രമണത്തിന് പിന്നിൽ യുവതിയുടെ ബന്ധുക്കളാണെന്നാണ് ആരോപണം. സംഭവത്തിൽ ആബിദിന്റെ പരാതിയിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരം അഞ്ചുപേർക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു. ഇതിൽ മുഖ്യപ്രതിയാണ് ചൊവ്വാഴ്ച അഹമ്മദാബാദിൽ പിടിയിലായത്.

Top