ആർ ജി കർ മെഡിക്കൽ കോളേജിനെതിരായ കൂടുതൽ തെളിവുകൾ പുറത്ത്

വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്

ആർ ജി കർ മെഡിക്കൽ കോളേജിനെതിരായ കൂടുതൽ തെളിവുകൾ പുറത്ത്
ആർ ജി കർ മെഡിക്കൽ കോളേജിനെതിരായ കൂടുതൽ തെളിവുകൾ പുറത്ത്

കൊൽക്കത്ത: യുവ ഡോക്ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആർ ജി കർ മെഡിക്കൽ കോളേജിനെതിരായ കൂടുതൽ തെളിവുകൾ പുറത്ത്. വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തുവെന്ന് മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് സൂപ്രണ്ടാണ് മാതാപിതാക്കളെ വിളിച്ചത്. മൂന്ന് തവണയാണ് മെഡിക്കൽ കോളേജിൽ നിന്നും കുടുംബത്തെ വിളിച്ചത്. ആത്മഹത്യയെന്ന് പറഞ്ഞതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ഉയരുന്ന ആരോപണം. ഡോക്ടറുടെ പിതാവും ആർജി കാർ ആശുപത്രിയിലെ അസിസ്റ്റൻ്റ് സൂപ്രണ്ടും തമ്മിലുള്ള സംഭാഷണത്തിൽ ”മകൾക്ക് സുഖമില്ല, ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു” എന്ന് പറയുന്നു. പിന്നീടുള്ള ശബ്ദരേഖയിൽ യുവതി ആത്മഹത്യ ചെയ്തതാണെന്നും വേഗം ആശുപത്രിയിൽ എത്തണമെന്നുമാണ് മാതാപിതാക്കളോട് പറയുന്നത്.

വിശദാംശങ്ങൾ ചുവടെ:

ഓഗസ്റ്റ് ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. പി ജി വിദ്യാർത്ഥിയായ ഡോകടറുടെ മൃതദേഹം അർധനഗ്നമായ നിലയിൽ ആശുപത്രിയിലെ സെമിനാർ ഹാളിൽ‌ നിന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തിൽ പ്രതിയായ റോയ് സെമിനാർ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റും കണ്ടെത്തിയിരുന്നു. റോയിയെ ഓഗസ്റ്റ് പത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിൽ ലവലേശം പശ്ചാത്താപമില്ലാതെയായിരുന്നു റോയിയുടെ പ്രതികരണമെന്ന് സിബിഐ പറഞ്ഞിരുന്നു. ഇയാൾ അശ്ലീലചിത്രങ്ങൾക്ക് അടിമയാണെന്നും വികൃത മനോഭാവമുള്ളയാളാണെന്നുമാണ് സൈക്കോ അനലിറ്റിക്കൽ റിപ്പോർട്ടിൽ പറയുന്നത്. ഒരു മടിയോ കുറ്റബോധമോ പ്രകടിപ്പിക്കാതെ പ്രതി കുറ്റം ഉദ്യോഗസ്ഥരോട് വിവരിച്ചതായും അധികൃതർ പറഞ്ഞു.‌ നിരവധി അശ്ലീല വീഡിയോകൾ ഇയാളുടെ ഫോണിൽ നിന്നും കണ്ടെത്തിയി‌ട്ടുണ്ട്. ഓഗസ്റ്റ് 18-നായിരുന്നു പ്രതിയെ സൈക്കോ അനലിറ്റിക്കൽ ടെസ്റ്റിന് വിധേയനാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സെൻട്രൽ ഫോറൻസിക് സയൻസ് ലാബിനെ സമീപിച്ചത്.

അതേസമയം, ബലാത്സംഗക്കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകുന്നത് സംബന്ധിച്ച നിയമനിർമാണത്തിന് ബംഗാൾ രണ്ട് ദിവസത്തെ പ്രത്യേക നിയമസഭാസമ്മേളനം ചേരും. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നിയമസഭ സമ്മേളിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ബലാത്സംഗത്തിന് കൊലക്കയർ ഉറപ്പാക്കുന്ന നിയമനിർമ്മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ആർജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Top