അങ്കോള (കര്‍ണാടക): കര്‍ണാടകയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തെരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്. ഗംഗവലി നദിയില്‍ നടത്തിയ തിരച്ചിലിലാണ് സിഗ്‌നല്‍ ലഭിച്ചത്. 8 മീറ്റര്‍ ആഴത്തില്‍ നിന്നാണ് വസ്തുവിന്റെ സിഗ്‌നല്‍ ലഭിച്ചിരിക്കുന്നത്. ഈ സ്ഥലം കേന്ദ്രികരിച്ചാണ് ഇനി നാവികസേനാ തിരച്ചില്‍ നടത്തുക. തിരച്ചിലിനായി കൂടുതല്‍ സേനയും സന്നാഹങ്ങളും ഇന്നെത്തും. നദിയിലെ കുന്നു കൂടി കിടക്കുന്ന മണ്ണ് നീക്കി പരിശോധന നടത്തും.
അര്‍ജുനും ലോറിയും നദിയുടെ അടിയില്‍ ചെളിയില്‍ ഉണ്ടായേക്കാം എന്നാണ് സൈന്യം നല്‍കുന്ന വിവരം. ആധുനിക റഡാര്‍ സംവിധാനത്തോടെയും ഐ എസ് ആര്‍ ഓ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്താലും കരയിലും വെള്ളത്തിലും ഒരുപോലെ തിരഞ്ഞു എങ്കിലും അര്‍ജുനെ കണ്ടെത്താന്‍ ആയില്ല.