ജറുസേലം: ഇസ്രയേൽ ടാങ്കുകൾ വടക്കൻ ഗാസയിലെ ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നീ പട്ടണങ്ങളിലെ ഉൾമേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. 3 പട്ടണങ്ങളിലായി മൂന്നാഴ്ചയിലേറെയായി ഒരുലക്ഷത്തിലേറെ പലസ്തീൻകാരെയാണു സൈന്യം വളഞ്ഞുവച്ചിരിക്കുന്നത്. സ്ഥലത്തേക്കുള്ള സഹായവിതരണം നിലച്ചതോടെ ജനങ്ങൾ പട്ടിണിയിലും കടുത്ത ദുരിതത്തിലുമാണെന്ന് സന്നദ്ധസംഘടനകൾ പറഞ്ഞു. ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം ഇതോടെ 43,000 കവിഞ്ഞു.
ഉപരോധം തുടരവേ ജബാലിയ ക്യാംപിലെ കമൽ അദ്‌വാൻ ആശുപത്രിയിൽനിന്നു 100 ഹമാസുകാരെ അറസ്റ്റ് ചെയ്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ഇവരെല്ലാം തന്നെ ആരോഗ്യപ്രവർത്തകരായി വേഷമിട്ടവരായിരുന്നുവെന്നും ആരോപിച്ചു. എന്നാൽ ആശുപത്രിയിൽ ഹമാസ് താവളമുണ്ടായിരുന്നെന്ന ആരോപണം അധികൃതർ നിഷേധിച്ചു. സൈന്യം തട്ടിക്കൊണ്ടുപോയത് ആരോഗ്യപ്രവർത്തകരെയും രോഗികളെയുമാണെന്നും പറഞ്ഞു. സൈന്യം തകർത്ത ആശുപത്രി കെട്ടിടങ്ങളുടെയും ഉപകരണങ്ങളുടെയും വിഡിയോയും പുറത്തുവന്നു. ഒഴിഞ്ഞുപോകാൻ ജനങ്ങളോട് സൈന്യം ആവശ്യപ്പെട്ടിരുന്നു. അതിനിടെ, ലബനനിലെ ചരിത്രനഗരമായ കോനീഷ് മേഖലയിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. 7 പേർ കൊല്ലപ്പെട്ടു.
Also Read :ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിയെ നിരോധിച്ച് ഇസ്രായേൽ
തുടരുന്ന യുദ്ധം…
ആക്രമണം തുടർന്നു കൊണ്ടിരിക്കവേ വെടിനിർത്തലിന് ദോഹയിൽ യുഎസ്, ഈജിപ്ത്, ഖത്തർ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുകയാണ്. തടവുകാരെയും ബന്ദികളെയും കൈമാറാൻ ആദ്യം 2 ദിവസത്തെ വെടിനിർത്തലും 10 ദിവസത്തിനകം സ്ഥിരം വെടിനിർത്തൽ ചർച്ചയുമാണ് ഈജിപ്ത് ശുപാർശ ചെയ്യുന്നത്. 24 മണിക്കൂറിനിടെ ഗാസയിൽ 50 പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7നുശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാർ 43,020. പരുക്കേറ്റവർ 101,110.