മസ്കത്ത്: ഒമാനിലെ വിദേശ കമ്യൂണിറ്റി സ്കൂളുകളിൽ പഠിക്കുന്നത് 60000ത്തിലധികം പ്രവാസി വിദ്യാർഥികൾ. 2023-24 അധ്യയന വർഷത്തെ കണക്കുകൾ പ്രകാരം 46 ഇന്റർനാഷനൽ സ്കൂളുകളിലെ 1,835 ക്ലാസ് മുറികളിലായി 61,704 വിദ്യാർഥികളും 2,935 അധ്യാപകരുമാണുള്ളത്. 46ൽ 21 സ്കൂളുകളും മസ്കത്തിലാണ് സ്ഥിതിചെയ്യുന്നത്. ദോഫാർ (അഞ്ച്), നോർത്ത അൽ ബാത്തിന (ആറ്) എന്നിവിടങ്ങളിലാണ് മറ്റുസ്കൂളുകൾ സ്ഥിതിചെയ്യുന്നത്.
2020-21 വർഷത്തിൽ 56,206 വിദ്യാർഥികളായിരുന്നു വിദേശ കമ്യൂണിറ്റി സ്കൂളുകളിലുണ്ടായിരുന്നത്. അത് തൊട്ടടുത്ത അധ്യയന വർഷത്തിൽ 50,836 ആയി കുറഞ്ഞിരുന്നുവെങ്കിലും 2022-23 വർഷക്കാലയളവിൽ 57,054 വിദ്യാർഥികളായി ഉയർന്നു. ഈ വർഷമത് 61,704 ആയാണ് ഉയർന്നത്. എന്നാൽ, സമാനമായ സ്കൂളുകളിൽ തന്നെ 2019-20 കാലഘട്ടത്തിൽ 63,145 കുട്ടികളുണ്ടായിരുന്നതായും കണക്കുകൾ പറയുന്നു. അധ്യാപകരുടെ എണ്ണത്തിലും ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. 46 സ്കൂളുകൾ നിന്നായി 2019-20 കാലഘട്ടത്തിൽ 3,095 അധ്യാപകരുണ്ടായിരുന്നത് 2022-23 അധ്യയന വർഷത്തിൽ 2,717 ആയി കുറഞ്ഞു. നിലവിലത് 2,935 ആയാണ് ഉയർന്നത്.
നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷന്റെ (എൻ.സി.എസ്.ഐ) കണക്കുകൾ പ്രകാരം വിദേശ കമ്യൂണിറ്റി സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തിൽ മുൻഅധ്യയന വർഷത്തേക്കാൾ ഇത്തവണ വർധനവുണ്ടായിട്ടുണ്ട്.
സുൽത്താനേറ്റിലെ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളുകളിൽ 2024-25 വർഷക്കാലയളവിലെ അഡ്മിഷനുകൾക്കായി 3,400 പുതിയ സീറ്റുകൾ അധികരിപ്പിച്ചിട്ടുണ്ട്. 2023 അവസാനത്തിലെ കണക്കുകൾ പ്രകാരം സുൽത്താനേറ്റിൽ മറ്റനേകം രാജ്യങ്ങളിലെ പൗരന്മാർക്ക് പുറമേ ബംഗ്ലാദേശ് (716,880), ഇന്ത്യ (500,883), പാകിസ്താൻ (286,176), ഫിലിപ്പെയ്ൻസ് (43,390), ഈജിപ്ത് (32,395), ശ്രീലങ്ക (26,536) പൗരന്മാരുമുണ്ട്.