ഷിംല: ജീവിച്ചിരുന്നപ്പോള്‍ മോത്തിലാല്‍ നെഹ്റു ആ കാലഘട്ടത്തിലെ അംബാനിയായിരുന്നു എന്ന വിവാദ പരാമര്‍ശവുമായി കങ്കണ. എവിടെ നിന്നാണ് മോത്തിലാല്‍ നെഹ്റുവിന് പണം വന്നതെന്ന് അറിയില്ലെന്നും കങ്കണ പറഞ്ഞു. കങ്കണയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
‘മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പിതാവ് മോത്തിലാല്‍ നെഹ്റു അദ്ദേഹത്തിന്റെ കാലത്തെ അംബാനിയായിരുന്നു. അദ്ദേഹത്തിന്റെ സ്ഥലവും സമ്പത്തുമെല്ലാം എങ്ങനെ വന്നുവെന്ന് ആര്‍ക്കും അറിയില്ല. അദ്ദേഹം ബ്രിട്ടീഷുകാരുടെ അടുപ്പക്കാരനായിരുന്നു പക്ഷെ അദ്ദേഹം എവിടെ നിന്നും സ്വത്ത് സമ്പാദിച്ചുവെന്നത് രഹസ്യമാണ്’ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. മാണ്ഡി മണ്ഡലത്തിലെ സര്‍ക്കാഘട്ട് നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കങ്കണ. സര്‍ദാര്‍ വല്ലഭായ് പട്ടേലിന് അനുകൂലമായി കൂടുതല്‍ വോട്ടുകള്‍ നേടിയിട്ടും ജവഹര്‍ലാല്‍ നെഹ്റു എങ്ങനെ പ്രധാനമന്ത്രി ആയെന്ന് ആര്‍ക്കും അറിയില്ലെന്ന് പറഞ്ഞ കങ്കണ അന്നുമുതലാണ് രാജ്യത്തെ കുടുംബാധിപത്യ ഭരണം ബാധിക്കാന്‍ തുടങ്ങിയതെന്നും കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യസമര സേനാനിയായ മോത്തിലാല്‍ നെഹ്റുവിനെ രാജ്യത്തെ സമ്പന്നനായ ബിസിനസുകാരനുമായി താരതമ്യം ചെയ്തു എന്നാണ് കോണ്‍ഗ്രസിന്റെ പരാതി. സഞ്ജയ് ഗാന്ധി നിര്‍ബന്ധിതമായി വന്ധ്യംകരണം നടപ്പിലാക്കിയെന്ന് കങ്കണ പറഞ്ഞതും പരാതിയില്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.