വടകര: മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തുന്ന ട്രെയിനുകള്‍ വെട്ടിച്ചുരുക്കി അടച്ചുപൂട്ടുമെന്ന സൂചന നല്‍കി റെയില്‍വേ. ഇതിനെതിരെ ജനകീയ പ്രക്ഷോഭവുമായി നാട്ടുകാര്‍ രംഗത്തെത്തി.പതിറ്റാണ്ടുകളായി യാത്രക്കാര്‍ ആശ്രയിക്കുന്ന മുക്കാളി റെയില്‍വേ സ്റ്റേഷന് കോവിഡ് കാലത്താണ് അവഗണന തുടങ്ങിയത്. കോവിഡ് കാലം വരെ 10 ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ടായിരുന്ന മുക്കാളിയില്‍ നാലു ട്രെയിനുകള്‍ മാത്രമാണ് നിലവില്‍ നിര്‍ത്തുന്നത്. ഹാള്‍ട്ട് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഷനെ ഇല്ലായ്മ ചെയ്യാന്‍ നീക്കം നടക്കുന്നത്.സ്റ്റേഷനില്‍ നിര്‍ത്തുന്ന ട്രെയിനുകള്‍ ഒറ്റയടിക്ക് വെട്ടിച്ചുരുക്കിയത്.
കളക്ഷനെ ബാധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി ലാഭകരമല്ലാത്ത സ്റ്റേഷനുകളില്‍ ഉള്‍പ്പെടുത്തിയാണ് സ്റ്റേഷന്‍ പൂട്ടാനുള്ള നീക്കം നടക്കുന്നത്.റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരുമായി വിഷയം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നിര്‍ത്തലാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കോവിഡില്‍ നിര്‍ത്തലാക്കിയ ട്രെയിനുകള്‍ പല സ്റ്റേഷനുകളിലും പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നിട്ടും മുക്കാളിയെ അവഗണിക്കുകയാണുണ്ടായത്. ട്രെയിനുകള്‍ കൂട്ടത്തോടെ നിര്‍ത്തിയതിനാല്‍ വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വലയുകയാണ്. മുക്കാളി റെയില്‍വേ സ്റ്റേഷന് 120ഓളം വര്‍ഷം പഴക്കമുണ്ട്. ചരിത്രത്തിന്റെ ഭാഗമായ സ്റ്റേഷനെയാണ് ഇല്ലായ്മ ചെയ്യുന്നത്. നേരത്തേ എം.പി. ഫണ്ടില്‍നിന്ന് തുക അനുവദിച്ചിട്ടാണ് ഇരു പ്ലാറ്റ്‌ഫോമുകളുടെയും നീളം കൂട്ടി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്.
റെയില്‍വേയുടെ അവഗണനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍വകക്ഷി യോഗം തീരുമാനിച്ചു. ജനപ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ-യുവജന സംഘടനകള്‍, റെസിഡന്റ്‌സ് അസോസിയേഷന്‍, വ്യാപാരി സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ബഹുജന സംഗമം നടത്തും.