തിരുവനന്തപുരം: മണിപ്പൂരില്‍ ഈസ്റ്ററിനും ദുഃഖ വെളളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂര്‍ എംപി. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു. രണ്ടും പ്രധാന ദിവസങ്ങളാണ്. രണ്ടു ദിവസങ്ങളും പ്രവര്‍ത്തി ദിനമാക്കുന്നത് അപമാനമാണ്. സിഎഎ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു സമുദായത്തിന്റെ വോട്ടുകള്‍ നേടാനുള്ള ശ്രമമാണിത്. ആരോപണങ്ങള്‍ക്ക് എന്താണ് തെളിവാണുള്ളതെന്നും തരൂര്‍ ചോദിച്ചു. ബില്‍ അവതരിപ്പിച്ചപ്പോള്‍ എതിര്‍ക്കാന്‍ ധൈര്യം കാണിച്ചത് കോണ്‍ഗ്രസാണെന്നും ശശി തരൂര്‍ പറഞ്ഞു.
നേരത്തെ മണിപ്പൂരില്‍ ഈസ്റ്ററിന് അവധി ഒഴിവാക്കി പ്രവര്‍ത്തിദിനമാക്കിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടത്. ഈസ്റ്റര്‍ അവധി അവകാശമാണ്. വിവാദ തീരുമാനം പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അഭ്യര്‍ത്ഥനയില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.