മസ്കറ്റ്: മുമ്പ് കുരങ്ങ് ജ്വരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന എംപോക്സ് രോഗം ഒമാനിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ലോക രാജ്യങ്ങളിൽ രോഗം വ്യാപിക്കുകുകയാണെന്ന റിപ്പോർട്ടുകൾ വരുമ്പോഴും ഒമാനിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എംപോക്സ് വൈറസുകൾ പൊതുജന ആരോഗ്യത്തിന് ഭീഷണിയാണെന്ന ലോകകാര്യ സംഘടനയുടെ അടുത്തിടെയുള്ള പ്രഖ്യാപനത്തെത്തുടർന്ന് രാജ്യത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
രോഗം തിരിച്ചറിയാനുള്ള എല്ലാ സംവിധാനങ്ങളും ഒമാനിൽ സജ്ജമാണ്. ആവശ്യമായ പരിശോധനകൾ നടത്താനുള്ള ലാബുകളും തയാറായി നിൽക്കുകയാണ്. ഈ പകർച്ച വ്യാധിയെ സൂക്ഷ്മമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും ഒമാൻ ലോകാരോഗ്യ സംഘടനയുമായും മറ്റ് ബന്ധപ്പെട്ട ആരോഗ്യ സംഘടനകളുമായും സഹകരിച്ചു വരുകയാണ്. അതിനിടെ, ലോക രാജ്യങ്ങളിൽ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്. എംപോക്സ് രോഗം കണ്ടെത്തിയ കോങ്കോ റിപ്പബ്ലിക്കിലും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് രോഗം പടർന്നിട്ടുണ്ട്.
വൈറസുകൾ അതിവേഗം പടരുമെന്നും മുതിർന്നവരിലും കുട്ടികളിലുമെല്ലാം രോഗം വ്യാപിക്കുകയും ചെയ്യും. ആഫ്രിക്കൻ രാജ്യങ്ങളിൽ 500 ലധികം മരണങ്ങളാണ് രോഗം മൂലമുണ്ടായത്. അടുത്തിടെ സ്വീഡൻ പാകിസ്താൻ എന്നിവിടങ്ങളിലും വൈറസ് സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. രോഗത്തിന്റെ പുതിയ വകഭേദം വളരെ പെട്ടെന്ന് മറ്റുള്ളവരിലേക്ക് പടരുന്നവയാണ്.രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് തൊലികൾ സ്പർശിക്കുന്നതിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ സംസാരത്തിലൂടെയോ പകരുമെന്നാണ് അധികൃതർ പറയുന്നത്. യൂറോപ്യൻ രാജ്യങ്ങളിലെ ആരോഗ്യ അധികൃതരും രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.