ദേശീയപാത നിര്‍മ്മാണത്തിന് ഗ്രാവലിന് പകരം ചെളി

ദേശീയപാത നിര്‍മ്മാണത്തിന് ഗ്രാവലിന് പകരം ചെളി
ദേശീയപാത നിര്‍മ്മാണത്തിന് ഗ്രാവലിന് പകരം ചെളി

അമ്പലപ്പുഴ: ദേശീയപാതാ നിര്‍മാണത്തിന്റെ ഭാഗമായി റോഡരികില്‍ വന്‍ തോതില്‍ ചെളി ഇറക്കിയത് നാട്ടുകാര്‍ക്ക് ദുരിതമായി മാറിയിരിക്കുകയാണ്. ദേശീയപാതാ വികസനത്തോടനുബന്ധിച്ച് ഓട നിര്‍മിച്ച ശേഷം പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. പൈപ്പിട്ടശേഷമുള്ള വിടവുകള്‍ അടക്കാനാണ് വിവിധ പാടശേഖരങ്ങളില്‍ നിന്നും വന്‍ തോതില്‍ ചെളി ദേശീയ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. പുറക്കാട്, പഴയങ്ങാടി, തോട്ടപ്പള്ളി ഒറ്റപ്പന, മാത്തേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ രീതിയില്‍ ചെളി നിറച്ചിരിക്കുന്നത്. ഗ്രാവല്‍ നിറക്കേണ്ടതിന് പകരമായാണ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഇത്തരത്തില്‍ ചെളി ഇറക്കിയത്. അതി രൂക്ഷമായ ദുര്‍ഗന്ധം മൂലം പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കുകയാണ്. അധികൃതര്‍ ഇടപെട്ട് അടിയന്തിരമായി ചെളി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇതിനിടെ തുറവൂര്‍ അരൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസ് കഴിഞ്ഞ ദിവസം കുഴിയില്‍ വീണിരുന്നു. അരൂര്‍ പെട്രോള്‍ പമ്പിന് മുമ്പിലാണ് സംഭവം. പത്തനംതിട്ട നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് കുഴിയില്‍ വീണത്. കുഴിയില്‍ നിന്ന് ബസ് ഉയര്‍ത്താന്‍ കഴിയാതെ വന്നതോടെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.

Top