ദോഹ: വരാനിരിക്കുന്ന ലോകകപ്പിലേക്കുള്ള യോഗ്യത റൗണ്ടിലെ നിർണായക അങ്കത്തിൽ ഖത്തർ ചൊവ്വാഴ്ച യു.എ.ഇയെ നേരിടാനിരിക്കെ അബൂദബിയിലേക്ക് ആരാധകർ വിമാനത്തിലേറി പറക്കും. വരാനിരിക്കുന്ന മൂന്നാം റൗണ്ടിലെ ഗ്രൂപ് ‘എ’യിൽ ആറാം മത്സരത്തിൽ ഖത്തറും യു.എ.ഇയും മാറ്റുരക്കുമ്പോൾ ഗാലറിയിൽ തങ്ങൾക്കായി ആരവമുയർത്താൻ പ്രത്യേക വിമാനങ്ങളൊരുക്കി നാട്ടുകാരെ എത്തിക്കുകയാണ് ഖത്തർ ഫുട്ബാൾ അസോസിയേഷന്റെ ആരാധക സംഘമായ മുദ്റാജ് അൽ അന്നാബി.
മുദ്റാജ് അന്നാബിയുടെ സമൂഹ മാധ്യമ പേജുകളിലൂടെയും ക്യു.എഫ്.എ വാട്ട്സാപ് ചാനലുകൾ വഴിയും ഈ സന്ദേശം പങ്കുവെച്ചു.
Also Read :മസ്കത്തിൽ ഇന്ന് രണ്ടിടത്ത് വെടിക്കെട്ട്
ഉച്ചക്ക് ഒരു മണിക്ക് പുറപ്പെടുന്ന വിമാനത്തിനായി 12 മണിക്ക് മുമ്പ് ആരാധകർ വിമാനത്താവളത്തിലെത്തണമെന്നും നിർദേശമുണ്ട്. ഖത്തരികളായ 18 വയസ്സ് പൂർത്തിയായ ഫുട്ബാൾ പ്രേമികൾക്ക് മാത്രമായിരിക്കും ഇതിനുള്ള അവസരം. മത്സരം കഴിഞ്ഞശേഷം, അബൂദബിയിൽനിന്നും വിമാനം യാത്ര തിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവരെയാണ് ഇതിന് പരിഗണിക്കുകയെന്നും അറിയിപ്പിൽ പറയുന്നു. നിലവിൽ ഏഴ് പോയന്റുമായി ഖത്തറും യു.എ.ഇയും ഒപ്പത്തിനൊപ്പമാണ്. രാജ്യത്തിൻറെ വിജയം തുടരാൻ ഗാലറിയിൽ ആരാധകരുടെ പിന്തുണ ഏറെ തുണയാവുമെന്ന പ്രതീക്ഷയിലാണ് ഖത്തറിന്റെ ഈ പടപ്പുറപ്പാട്.