കൽപറ്റ: വയനാട് ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ‘ദുരന്തത്തിന്റെ സാഹചര്യവും, വ്യാപ്തിയുമെല്ലാം കേന്ദ്രസംഘത്തിന് മനസ്സിലായിട്ടുണ്ട്. എല്ലാ കാര്യങ്ങളും കേന്ദ്രസംഘങ്ങളുമായി വിശദമായി ചർച്ച ചെയ്തു.
രാജ്യത്ത് തന്നെ സമാനതകളില്ലാത്ത ദുരന്തമെന്ന് ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും പരിഗണിക്കണമെന്ന കാര്യം അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അമ്പലവയലിൽ ഉണ്ടായ പ്രകമ്പനത്തെ കുറിച്ചും കേന്ദ്ര സംഘത്തെ അറിയിച്ചിട്ടുണ്ട്’, മന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടൽ എൽ 3 കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. പ്രതീക്ഷിച്ചത് പോലെയുള്ള നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, വയനാട്ടിൽ നിലവിൽ ഭൂമികുലുക്കത്തിന്‍റെ സൂചനയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് പ്രകമ്പനമുണ്ടായത്. പ്രദേശവാസികളെ ജില്ലാ കളക്ടർ മാറ്റി തമാസിപ്പിക്കാനുള്ള നടപടി ആരംഭിച്ചു.