തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന എംഎൽഎ മുകേഷിന്റെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ സംഘടനകൾ. പ്രതിപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. മുകേഷിന്റെ കൊല്ലത്തെ വീട്ടിലേക്കും എംഎൽഎയുടെ ഓഫീസിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ഇരയ്ക്കൊപ്പമെന്ന വാദം സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും പാർട്ടി എംഎൽഎക്കെതിരെ ആരോപണം വന്നപ്പോൾ വേട്ടക്കാരനൊപ്പം നിൽക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തുടർച്ചയായി ലൈംഗികാരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് രാജി സംബന്ധിച്ച ആവശ്യവും ശക്തമായത്.
സർക്കാർ നയം സ്ത്രീപക്ഷമാണെന്നാണ് വിഷയത്തിൽ സർക്കാരിന്റെ പ്രതികരണമെന്നിരിക്കെ എംഎൽഎക്കെതിരായ ആരോപണത്തിൽ തത്ക്കാലം രാജി വെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎമ്മിന്റേത്. മുൻകാലങ്ങളിൽ ലൈംഗികാരോപണങ്ങൾ നേരിട്ട പ്രതിപക്ഷ എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നതും പാർട്ടി കാരണമായി കണക്കാക്കുന്നുണ്ട്. അതേസമയം സംസ്ഥാന സർക്കാർ രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ നീക്കിയേക്കുമെന്നാണ് സൂചന.
Also Read: റിപ്പോർട്ട് പുറത്തുവന്നത് എല്ലാം തുറന്നുപറയാൻ ആത്മവിശ്വാസം നൽകി : മിനു മുനീർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫ് മുകേഷിനെതിരെ ഉന്നയിച്ച മി ടൂ ആരോപണമാണ് വീണ്ടും ചർച്ചയായത്. കോടീശ്വരൻ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നാണ് ടെസ് ആരോപിക്കുന്നത്. വഴങ്ങാതെ വന്നപ്പോൾ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റി എന്നും ടെസ് പറഞ്ഞിരുന്നു.