തിരുവനന്തപുരം: നടനും എം എൽ എ യും നിലവിൽ ആരോപണ വിധേയനുമായ മുകേഷ് പദവികൾ ഒഴിയണമെന്ന് നടി ഗായത്രി വർഷ. നിലവിൽ സമിതിയിലോ ഏത് സ്ഥാനത്തോ ഇരിക്കുന്നു എന്നതല്ല, ആരോപണ വിധേയരാവുന്നത് ആരായാലും പദവികളിൽ നിന്ന് ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ഗായത്രി വർഷ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ അത് മുകേഷ് എന്നല്ല, ആരായാലും പദവി ഒഴിയണമെന്നും നടി പറഞ്ഞു.
അതേസമയം മുകേഷ് പദവി ഒഴിയണം എന്ന് പറയുന്നതിന്റെ സാങ്കേതികത്വം അറിയില്ല. അക്കാദമി ചെയർമാൻ സ്ഥാനം രാഷ്ട്രീയ നിയമനമാണ്. അതു കൊണ്ട് അതിലൊരു തീരുമാനമെടുക്കാം. കൂടാതെ എംഎൽഎ ഒരു ജനപ്രതിനിധിയാണ്. അതിന്റെ നിയമവശം നോക്കി തീരുമാനമെടുക്കുമെന്നാണ് വിശ്വാസവും ആഗ്രഹവുമെന്നും ഗായത്രി പറഞ്ഞു. എന്നാൽ അന്വേഷണത്തെ നേരിടുമ്പോൾ അന്വേഷണത്തെ സ്വാധീനിക്കുന്ന പദവിയിൽ ഉണ്ടാവരുതെന്നാണ് അഭിപ്രായമെന്നും ഗായത്രി വർഷ പറഞ്ഞു.
Also Read: രഞ്ജിത്തിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റം
മുകേഷിനെ കൈവിടാതെ നേതൃത്വം
ആരോപണ നിഴലിൽ നിൽക്കുമ്പോഴും നടനും എംഎൽഎയുമായ മുകേഷിനെ കൈവിടാതെ മുന്നോട്ടുപോവുകയാണ് സിപിഎം നേതൃത്വം. ലൈംഗിക ആരോപണത്തെ തുടർന്ന് മുകേഷ് എംഎൽഎ സ്ഥാനം ഒഴിയണമെന്ന് നിലവിൽ ആവശ്യപ്പെടില്ല. സമാന ആരോപണങ്ങളിൽ യുഡിഎഫ് എംഎൽഎമാർ രാജി വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഈ നിലപാടെടുക്കുന്നത്. ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ നിന്നു മുകേഷ് സ്വയം ഒഴിഞ്ഞേക്കും. എന്നാൽ അതിനിടെ മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
ഇന്നലെ മുകേഷിന്‍റെ കൊല്ലം പട്ടത്താനത്തെ വീട്ടിലേക്ക് മഹിളാ കോണ്‍ഗ്രസിന്‍റെയും യുവമോര്‍ച്ചയുടെയും നേതൃത്വത്തിൽ മാര്‍ച്ച് നടത്തി. വീടിന് സമീപത്തെ റോഡില്‍ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി.
കുരുക്കിൽ മുറുകി മുകേഷ്
നടൻ മുകേഷ് തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീര്‍ ആണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കലണ്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് തന്നെ മുകേഷ് കടന്നുപിടിച്ചെന്നാണ് മീനുവിന്‍റെ ആരോപണം. എതിർത്തതിനാൽ അമ്മയിലെ തന്‍റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മീനു മുനീർ ആരോപിച്ചു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. അതേസമയം ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ ആദ്യമായി മീ ടു ആരോപണം ഉന്നയിച്ചത്.
Also Read: മുകേഷ് രാജിവെക്കണമെന്ന് കെ സുരേന്ദ്രന്‍
പ്രശസ്ത സാറ്റലൈറ്റ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിക്കിടെയുള്ള അനുഭവമാണ് ടെസ് തോമസ് വെളിപ്പെടുത്തിയത്. എന്നാൽ തനിക്ക് അന്ന് 20 വയസ്സായിരുന്നുവെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും ടെസ് പറഞ്ഞു. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് എങ്ങനെ കരുതാനാകുമെന്നും ടെസ് ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. നിലവിൽ ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുകേഷിനെതിരെ പ്രതിഷേധം. അതേസമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. എന്നാൽ ഈ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് മുകേഷിന്‍റെ പ്രതികരണം.