കൊച്ചി: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജന സംരക്ഷണസമിതി ഇന്ന് എറണാകുളം വഞ്ചി സ്ക്വയറിൽ കൂട്ട ഉപവാസ സമരം നടത്തും. ഡാം ഡീകമ്മീഷൻ ചെയ്യണം, 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണം എന്നിവയാണ് ആവശ്യങ്ങൾ. രാവിലെ 10 ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എസ് എൻ ഡി പി യോഗം അസി. സെക്രട്ടറി തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു
129 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ അപകടാവസ്ഥ അന്താരാഷ്ട്ര ഏജൻസി പരിശോധിക്കണമെന്നും കേരളത്തിന്റെ താത്പര്യത്തിനെതിരായി റിപ്പോർട്ട് നൽകിയ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എൻജീനീയർ എന്നീ മേൽനോട്ട സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്നും ജന സംരക്ഷണ സമിതി ചെയർമാൻ അഡ്വ. റോയ് വാരിക്കാട്ട് ആവശ്യപ്പെട്ടു. ആമ്പൽ ജോർജ്, അഡ്വ. ജെയിംസ് മാനുവൽ, ഉസ്താദ് ഖാലിദ് സഖാഫി, ഉസ്താദ് യൂസഫ് സഖാഫി, സി.എ ജോയി, പി.ജി സുഗുണൻ, സാജു തറനിലം, റെജിമോൻ എ.എം, ദയ വിനോദ്,കെ. പ്രഘോഷ് രാജ്, എമിൽ ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.