സിനിമ തിയേറ്ററുകളിലെ ടിക്കറ്റ്, സ്നാക്സ് ഉൾപ്പെടെയുള്ളവയിലെ വിലക്കയറ്റത്തിനെതിരായ സംവിധായകൻ കരൺ ജോഹറിന്റെ പ്രസ്താവനക്ക് മറുപടിയുമായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ. നാലംഗ കുടുംബത്തിന് സിനിമ കണ്ടുവരാൻ 10,000 രൂപ വേണ്ടിവരുമെന്നുളള കരണിന്റെ ആരോപണത്തിലാണ് മറുപടി. ഇതിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ ഒരു കുടുംബത്തിന് സിനിമ കാണാൻ വേണ്ടി വരുന്നുള്ളൂവെന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷന്റെ വാദം. 2023 ൽ സിനിമയുടെ ശരാശരി ടിക്കറ്റ് വില എന്നുള്ളത് 132 രൂപയാണെന്നും ഇതിന്റെ അടിസ്ഥാനമാക്കി കണക്ക് കൂട്ടുമ്പോൾ 1560 രൂപയാണ് ഒരു കുടുംബത്തിന് ചെലവാകുന്നതെന്നും വാർത്താ കുറിപ്പിൽ മൾട്ടിപ്ലക്‌സ് അസോസിയേഷൻ പറഞ്ഞു.
‘ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്ട്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് ശൃംഖലയായ പി വി ആർ എൈനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കിൽ ഒരാളുടെ ചെലവ്. ഒരു നാലംഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ചെലവ്. 10,000 അല്ല’, മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.
‘നൂറ് വീടുകളിൽ നടത്തിയ സർവേയിൽ 99 വീടുകളിലുള്ളവരും വർഷത്തിലൊരിക്കൽ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാഗത്തിന്റെ കാര്യമാണിത്. അവർക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാൻ കഴിയുന്നില്ല. അവർ ദീപാവലിക്കോ, അല്ലെങ്കിൽ ഏതെങ്കിലും സിനിമകൾ ചർച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങൾക്കും സിനിമാ തിയേറ്ററിൽ പോകാൻ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികൾ പോപ്കോണോ ഐസ്ക്രീമോ പോലുള്ളവ വേണമെന്ന് ആവശ്യപ്പെടുമ്പോൾ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്. അതിനാൽ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവർ പോകുമെന്നായിരുന്നു കരണിൻ്റെ പ്രതികരണം.
വില കൂടുതലായതിനാൽ മക്കൾ കാരമൽ പോപ്കോൺ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങൾ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക പോയി വരാൻ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ ഉണ്ടാകാൻ പോലുമിടയില്ല,’ എന്നും കരൺ ജോഹർ കൂട്ടിച്ചേർത്തിരുന്നു. സോയ അക്തർ, വെട്രിമാരൻ, പാ രഞ്ജിത്ത്, മഹേഷ് നാരായണൻ എന്നിവരെ ഉൾപ്പെടുത്തി ഹോളിവുഡ് റിപ്പോർട്ടർ സംഘടിപ്പിച്ച പാനൽ ചർച്ചയിലായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം.