മുംബൈ: വീണ്ടും വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹിജാബ് നിരോധനത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട കോളേജ്. വിദ്യാര്‍ഥികള്‍ കീറിയ (ടോണ്‍) ജീന്‍സ്, ടീ-ഷര്‍ട്ടുകള്‍, ജഴ്സികള്‍ എന്നിവ ധരിക്കരുതെന്നാണ് മുബൈയിലെ കോളേജിന്റെ പുതിയ അറിയിപ്പ്. മതം വെളിപ്പെടുത്തുന്നതോ സാംസ്‌കാരിക അസമത്വം കാണിക്കുന്നതോ ആയ വസ്ത്രം ധരിക്കരുതെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കി.
ജൂണ്‍ 27ന് പുറപ്പെടുവിച്ച നോട്ടീസില്‍ കാംപസിലായിരിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഔപചാരികവും ‘മാന്യ’വുമായ വസ്ത്രം ധരിക്കണമെന്ന് പറയുന്നു. ആണ്‍കുട്ടികള്‍ക്ക് ഹാഫ് അല്ലെങ്കില്‍ ഫുള്‍ ഷര്‍ട്ടും പാന്റും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍, പാശ്ചാത്യ വസ്ത്രങ്ങളും ധരിക്കാമെന്ന് അതില്‍ പറയുന്നു.
ഇത്തരം നിയമങ്ങള്‍ വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതല്ലെന്ന് നിരീക്ഷിച്ച് കോളേജില്‍ ഹിജാബ്, ബുര്‍ഖ, നിഖാബ് എന്നിവക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള കോളജിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ജൂണ്‍ 26ന് ബോംബെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ നിര്‍ദേശം.
‘വിദ്യാര്‍ഥികള്‍ മതം വെളിപ്പെടുത്തുന്നതോ സാംസ്‌കാരിക അസമത്വം കാണിക്കുന്നതോ ആയ വസ്ത്രം ധരിക്കരുത്. നിഖാബ്, ഹിജാബ്, ബുര്‍ക്ക, സ്റ്റോള്‍, തൊപ്പി മുതലായവ താഴത്തെ നിലയിലെ മുറികളില്‍ പോയി നീക്കം ചെയ്യണം. അതിനുശേഷമേ കോളജില്‍ സഞ്ചരിക്കാന്‍ കഴിയൂ’ -നോട്ടീസില്‍ വ്യക്തമാക്കുന്നു.