മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്കും കോളജുകൾക്കും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അവധി പ്രഖ്യാപിച്ചു. അതേസമയം മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ നാലുപേർ മരിച്ചു. ഇൻഡിഗോ, സ്പൈസ്ജെറ്റ്, വിസ്താര തുടങ്ങിയ എയർലൈനുകളുടേതുൾപ്പെടെ പതിനാലോളം സർവീസുകൾ വഴിതിരിച്ചുവിട്ടു. എന്നാൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.
പുണെ, താനെ, റായ്ഗഡ്, രത്നാഗിരി എന്നിവിടങ്ങളിൽ റെഡ് അലർട്ടും പാൽഘറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അപ്രതീക്ഷിത മഴയിൽ ട്രാക്കിൽ വെള്ളം പൊങ്ങിയതിനെത്തുടർന്ന് മധ്യ റെയിൽവേയിലെ മെയിൻ ലൈനിൽ ഗതാഗതം തടസ്സപ്പെട്ടു. മറ്റെല്ലാ ലൈനുകളിലും ലോക്കൽ ട്രെയിനുകൾ വൈകി.
Also Read: 100 വർഷം ഗാരന്റി, 20 കോടി ചെലവ് ; 60 അടി ഉയരത്തിൽ പുതിയ ശിവാജി പ്രതിമ
അപ്രതീക്ഷിത മഴയിൽ ഔട്ട് ഓഫ് മൈൻഡ് ആയി മുംബൈ!
കനത്ത മഴ പെയ്തത് കഴിഞ്ഞ ദിവസം വൈകിട്ടാണ്. ഇതോടെ നഗരത്തിലുള്ള സാധാരണക്കാരെല്ലാം റെയിൽവേ സ്റ്റേഷനുകളിലെത്താനും ഷെയർ ഓട്ടോയും ടാക്സിയും ഒന്നും കിട്ടാതെയും ആകെ വലഞ്ഞു. അപ്രതീക്ഷിതമായ് മിന്നലോടു കൂടി വന്ന മഴ വൈകിട്ട് നാലോടെയാണ് ശക്തി പ്രാപിച്ചത്. പിന്നാലെ റോഡുകളെല്ലാം വെള്ളക്കെട്ടായി. മുളുണ്ട്, ഭാണ്ഡൂപ് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ധേരി സബ്‌വേയും ഏറെ നേരം അടച്ചിട്ടു. താനെ, നവിമുംബൈ, വസായ് മേഖലകളിലും കനത്ത മഴ പെയ്തു. സിന്ധുദുർഗ്, പാൽഘർ മേഖലകളിലും, രത്നാഗിരിയിലും ഇനിയും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
Also Read: മുംബൈയിൽ അതിതീവ്ര മഴ; നഗരത്തിൽ ഇന്ന് റെഡ് അലേർട്ട്
വസായ് മേഖലയിൽ മണിക്കൂറുകൾ നീണ്ടുനിന്ന മഴയെത്തുടർന്ന് റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. മുംബൈ– അഹമ്മദാബാദ് ദേശീയപാത, ചിൻചോട്ടി–ഭിവണ്ടി റോഡ്, താനെ ഗോഡ്ബന്ദർ റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് കാരണം മണിക്കൂറുകൾ നീണ്ട ഗതാഗതാക്കുരുക്ക് ഉണ്ടായി. അതേസമയം വിളവെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പെയ്ത കനത്ത മഴയിൽ ഗ്രാമീണ മേഖലകളിൽ വലിയ കൃഷിനാശവും റിപ്പോർട്ട് ചെയ്തു.