‘ജ്യോതികയ്ക്ക് കരിയർ വീണ്ടെടുക്കാനുള്ള ബാലൻസ് തന്നത് മുംബൈ’; സൂര്യ പറയുന്നു…

‘ജ്യോതികയ്ക്ക് കരിയർ വീണ്ടെടുക്കാനുള്ള ബാലൻസ് തന്നത് മുംബൈ’; സൂര്യ പറയുന്നു…
‘ജ്യോതികയ്ക്ക് കരിയർ വീണ്ടെടുക്കാനുള്ള ബാലൻസ് തന്നത് മുംബൈ’; സൂര്യ പറയുന്നു…

വിവാഹ മോചന വാർത്തകൾക്ക് പഞ്ഞമില്ലാത്ത സിനിമാലോകത്ത് പക്ഷെ എല്ലാവരും ഒരുപോലെ മാതൃകയാക്കുന്ന താരദമ്പതികളാണ് സൂര്യ – ജ്യോതിക എന്നിവർ. സിനിമയിലും ജീവിതത്തിലും ഇവർ നൽകി വരുന്ന പരസ്പര സ്നേഹവും പിന്തുണയും മാതൃകാപരമാണ്. ജ്യോതികയെ സൂര്യ ട്രീറ്റ് ചെയ്യുന്ന രീതികണ്ട് ‘ദ പെർഫക്ട് ജെന്റിൽമാൻ’ എന്നാണ് ആരാധകർ പലപ്പോഴും അദ്ദേഹത്തെ വിശേഷിപ്പിയ്ക്കുന്നത്. കോവിഡിന് ശേഷം മുംബൈയിലാണ് താര കുടുംബം ഇപ്പോൾ താമസിക്കുന്നത്.

കോവിഡിന് ശേഷം മുംബൈയിലേക്ക് താമസം മാറ്റിയ ജീവിതത്തെക്കുറിച്ച് വാചാലനാവുകയാണ് സൂര്യ. ഭാര്യ ജ്യോതികയ്ക്കും മക്കളായ ദിയയ്ക്കും ദേവിനുമൊപ്പം മുംബൈയിലാണ് കുറച്ചുകാലമായി സൂര്യ താമസിക്കുന്നത്. മുംബൈയിലെ സ്‌കൂളുകളിലാണ് മക്കൾ പഠിക്കുന്നത്. ജ്യോതികയ്ക്ക് അവരുടെ കരിയർ വീണ്ടെടുക്കാനും താരങ്ങളുടെ സ്‌പോട്ട് ലൈറ്റിൽ നിന്ന് മാറി സാധാരണ ജീവിതം നയിക്കാനുമുള്ള ബാലൻസ് തന്നത് മുംബൈ ജീവിതമാണെന്നാണ് സൂര്യ പറയുന്നത്.

Also Read: നടി രവീണ രവി വിവാഹിതയാകുന്നു

പതിനെട്ടോ പത്തൊമ്പതോ വയസ്സിലാണ് ജ്യോതിക മുംബൈയിൽ നിന്ന് ചെന്നൈയിലേക്കെത്തുന്നത്. 27 വർഷം ചെന്നൈയിൽ ജീവിച്ചു. അവൾ എനിക്കും എന്റെ കുടുംബത്തിനുമൊപ്പമായിരുന്നു. അതിന് വേണ്ടി അവളുടെ കരിയറും സൗഹൃദങ്ങളും ബാന്ദ്രയിലെ ജീവിതരീതികളുമെല്ലാം ത്യജിച്ചു. പക്ഷെ കോവിഡിന് ശേഷം ഒരു മാറ്റം വേണമെന്നത് അനിവാര്യമായി. മുംബൈയിലേക്കുള്ള മാറ്റം ജ്യോതികയ്ക്ക് കൂടുതൽ ക്രിയേറ്റീവായ അവസരങ്ങൾ നൽകി. പുതിയ കാഴ്ചപ്പാടുകളോടെ വ്യത്യസ്തമായ പ്രോജക്ടുകളിൽ പ്രവർത്തിക്കാൻ അവളെ അത് സഹായിച്ചു- സൂര്യ പറഞ്ഞു.

ജ്യോതികയ്ക്ക് മിക്കപ്പോഴും വലിയ പ്രതിസന്ധികളെ നേരിടേണ്ടതായി വന്നിട്ടുണ്ട്. ഞാൻ മിക്കപ്പോഴും പേരെടുത്ത സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോൾ പുതുമുഖ സംവിധായകരുടെ പ്രോജക്ടുകൾക്കൊപ്പമാണ് ജ്യോതികയ്ക്ക് സഹകരിക്കേണ്ടിയിരുന്നത്. മുംബൈയിലേക്ക് മാറിയതോടെ ശ്രീകാന്ത്, ശൈതാൻ, ഡബ്ബ കാർട്ടൽ, കാതൽ തുടങ്ങിയ വൈവിധ്യമുള്ള പ്രോജക്ടുകളിൽ വർക്ക് ചെയ്യാൻ അവൾക്ക് സാധിച്ചുവെന്ന് സൂര്യ പറഞ്ഞു.

Also Read: നടി മിയയ്‌ക്കെതിരെ 2 കോടിയുടെ കേസ്’; മറുപടിയുമായി താരം

മുംബൈയിലേക്കുള്ള മാറ്റം കുടുംബജീവിതത്തിലും സഹായിച്ചുവെന്നാണ് സൂര്യ പറയുന്നത്. സ്വതന്ത്രയായിരിക്കുന്നതും അവർക്കായി സമയം കണ്ടെത്തേണ്ടതും ഒരു സ്ത്രീയെ സംബന്ധിച്ചടുത്തോളം എത്രത്തോളം പ്രാധാന്യമുള്ള ഒന്നാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നുണ്ട്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീക്കും വെക്കേഷനും സൗഹൃദങ്ങളും കുടുംബത്തിനൊപ്പമുള്ള സമയവുമെല്ലാം വേണം. ഇപ്പോൾ ജ്യോതിക അവളുടെ കുടുംബത്തിനൊപ്പവും പഴയ സുഹൃത്തുക്കൾക്കൊപ്പവും കൂടുതൽ സമയം ചെലവഴിക്കുകയാണ്. ഇത് അവളുടെ വേരുകളിലേക്ക് തിരിച്ചുപോവാനുള്ള അവസരം കൂടിയാണ് അവൾക്ക് നൽകുന്നത്. വ്യക്തിപരമായും കരിയർപരമായും അത് അവളെ സഹായിച്ചു.

Also Read: റോളക്സിന് വേണ്ടി സ്ക്രീനിൽ പുകവലിച്ചു: സൂര്യ

ഞാനും മുംബൈയ്‌ക്കൊപ്പം ജീവിച്ചുതുടങ്ങുകയാണ്. ചെന്നൈയുമായും മുംബൈയുമായും ഒരു ബാലൻസിലാണ് പോകുന്നത്. അധികം ആളുകൾ തിരിച്ചറിയാത്തതിനാൽ കുട്ടികൾക്കൊപ്പം ഡ്രൈവ് ചെയ്യാനും പാർക്കിൽ സമയം ചെലവഴിക്കാനുമെല്ലാം സാധിക്കുന്നുണ്ട്. എല്ലാമാസവും പത്ത് ദിവസം വെക്കേഷൻ എടുക്കും. പൂർണമായും ഡിസ്‌കണക്ടട് ആയിരിക്കുകയാണ് അപ്പോൾ ചെയ്യുക. ജോലിയോ ഫോൺ കോളുകളോ ഒന്നും ഈ സമയത്തുണ്ടാവില്ല. കുട്ടികളും ഇവിടെ നന്നായി ജീവിക്കുന്നുണ്ട്. കൂടുതൽ അവസരങ്ങളാണ് ഞങ്ങൾക്കിവിടെ ഉള്ളത്- സൂര്യ പറഞ്ഞു.

Top