ലഖ്‌നൗ: ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനു ജയം. 145 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്‌നൗ അവസാന ഓവറില്‍ 6 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. 62 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസ് ആണ് ലക്‌നൗവിന്റെ ടോപ്പ് സ്‌കോറര്‍. മുംബൈക്കായി ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
ക്വിന്റണ്‍ ഡികോക്കിനു പകരം ഓപ്പണറായെത്തിയ അര്‍ഷിന്‍ കുല്‍ക്കര്‍ണി നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. നുവാന്‍ തുഷാരയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെഎല്‍ രാഹുലും മാര്‍ക്കസ് സ്റ്റോയിനിസും ചേര്‍ന്ന് പവര്‍പ്ലേയില്‍ തന്നെ കളിയുടെ വിധിയെഴുതി. 52 റണ്‍സാണ് ആദ്യ വിക്കറ്റില്‍ സഖ്യം അടിച്ചെടുത്തത്. രണ്ടാം വിക്കറ്റില്‍ 58 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ ശേഷം രാഹുല്‍ മടങ്ങി. 22 പന്തില്‍ 28 റണ്‍സ് നേടിയ താരത്തെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ ദീപക് ഹൂഡയും സ്റ്റോയിനിസും ഒത്തുചേര്‍ന്നു. 39 പന്തില്‍ ഫിഫ്റ്റി നേടിയ സ്റ്റോയിനിസ് തകര്‍പ്പന്‍ ഫോമിലായിരുന്നു. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറി നേടിയ താരം ലക്‌നൗവിനെ മത്സരത്തില്‍ തന്നെ നിലനിര്‍ത്തി. സ്റ്റോയിനിസുമൊത്തുള്ള 40 റണ്‍സ് നീണ്ട കൂട്ടുകെട്ടിനൊടുവില്‍ 18 പന്തില്‍ 18 റണ്‍സ് നേടി ഹൂഡ പുറത്തായി. ഹാര്‍ദ്ദികിനായിരുന്നു വിക്കറ്റ്. പിന്നാലെ മാര്‍ക്കസ് സ്റ്റോയിനിസിനെ മുഹമ്മദ് നബിയും ആഷ്ടന്‍ ടേണറെ (5) ജെറാള്‍ഡ് കോട്ട്‌സിയും പുറത്താക്കി. ആയുഷ് ബദോനി (6) റണ്ണൗട്ടാവുകയും ചെയ്തു. ഇതോടെ കളി മുറുകി. എന്നാല്‍, മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ ലക്‌നൗ വിജയത്തിലെത്തി.