കല്പറ്റ: കേരളം ഇന്നുവരെ കണ്ടതില്‍വെച്ചേറ്റവും വേദനാജനകമായ പ്രകൃതി ദുരന്തമാണ് വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായത്. ഒറ്റ രാത്രി കൊണ്ട് നൂറു കണക്കിനാളുകളുടെ ജീവനുകളാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. കുടുംബത്തെ നഷ്ടപ്പെട്ട് അനാഥരായവര്‍ വേറെ. മുണ്ടക്കൈയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമാണെന്ന് പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് നേരത്തെ ഇവിടെയുണ്ടായിരുന്നത്.
മുണ്ടക്കൈ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ബെയിലി പാലം നിര്‍മിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തും. വയനാട്ടിലേക്ക് കൊണ്ട് വരാനായി 18 ലോറികള്‍ വിമാനത്താവളത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. സൈന്യത്തിന്റെ മൂന്ന് കെടാവര്‍ ഡോഗുകളും ഒപ്പമെത്തും.
വയനാട് ജില്ലയിലെ കല്‍പറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ദുരന്തം നടന്നത്. ദുരന്തത്തില്‍ ചൂരല്‍മല അങ്ങാടി പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടു. മരണം ഇതുവരെ 159 ആയി. 481 പേരെ രക്ഷപ്പെടുത്തി. 187 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 3069 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 98 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് വ്യക്തമാക്കുന്നു.