വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ10 മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോയി. എല്ലാ മൃതദേഹങ്ങളും ശരീര ഭാഗങ്ങളും മേപ്പാടി സി എച്ച് സി യിലേക്കാണ് മാറ്റുന്നത്.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി തുടങ്ങിയത്.
ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് എല്ലാ മൃതദേഹങ്ങളും ഉടൻ വയനാട്ടിലെത്തിക്കാൻ അധികൃതർ തീരുമാനിച്ചത്. പോസ്റ്മോട്ടം നടപടികൾ പൂർത്തീകരിച്ച മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഫ്രീസറിൽ ആക്കിയാണ് കൊണ്ടു പോകുന്നത്. ഇതിന് ആവശ്യമുള്ള ആംബുലൻസുകളും ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. മൃതദേഹങ്ങളുള്ള പത്ത് ആംബുലൻസുകൾ ഒന്നിച്ചാണ് വയനാട്ടിലേക്ക് തിരിക്കുന്നത്.തുടർന്ന് ബാക്കിയുള്ളവും കൊണ്ടു പോകും.
ഓരോ ആംബുലൻസുകളിലും രണ്ടിൽ കുറയാത്ത സന്നദ്ധ വളണ്ടിയർമാർ ഉണ്ടാകും. ഒരു സി ഐ, ഒരു എസ് ഐ ഉൾപ്പെടെയുള്ള പോലീസ് എസ്കോട്ട് വാഹനവും, പൈലറ്റ് വാഹനവും കൂടെ പോകുന്നുണ്ട്. അതേ സമയം ഇന്ന് ഉച്ചക്ക് 12.30 വരെ 11 മൃതദേഹങ്ങളും 4 ശരീര ഭാഗങ്ങളുമാണ് ജില്ലാ ആശുപത്രിയിലെത്തിയത്.രണ്ട് ദിവസത്തിനുളളിൽ 43 മൃതദേഹങ്ങളും 29 ശരീര ഭാഗങ്ങളും ലഭിച്ചു. 3 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞതായി സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് കുട്ടികളുടെ മൃതദേഹം ഇന്നലെ രാത്രിയോടെ തന്നെ കൊണ്ടുപോയി കൂടാതെ ഒരാളുടെ മൃതദേഹവും കൂടി കൊണ്ട് പോയിരുന്നു.