മനാമ: വയനാട്ടിലെ ഉരുൾപൊട്ടൽ കെടുതികളെ തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വേണ്ടി രണ്ടുകോടി രൂപയുടെ പുനരധിവാസ പദ്ധതി ഒരുക്കുമെന്ന് ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ.
ഇരുന്നൂറിൽ കൂടുതൽ ആളുകളുടെ ജീവനെടുക്കുകയും ആയിരങ്ങൾക്ക് കിടപ്പാടമടക്കം നഷ്ടമാവുകയും ചെയ്ത ദുരന്തത്തിൽ സഹജീവികളെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ. കേരള സർക്കാറുമായി ചേർന്ന് മാതൃ സംഘടനയായ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന പുനരധിവാസ പദ്ധതികളാണ് ഐ.സി.എഫ് ഏറ്റെടുക്കുക.
ദുരന്തത്തിന്റെ വ്യാപ്തി പഠിച്ച് ഏത് തരത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതെന്ന് ഐ.സി.എഫ് പരിശോധിക്കും. തുടർന്ന് ഇതിനായി പ്രത്യേക പദ്ധതിക്ക് രൂപം നൽകുകയും നടപ്പിലാക്കുകയും ചെയ്യും. പ്രഥമ പരിഗണനയിലുള്ളത് വീട് നിർമാണം ഉൾപ്പെടെയുള്ള പദ്ധതികളാണ്.
ഇതിന് ആവശ്യമായ സമാഹരണ പ്രവർത്തനങ്ങൾ ഐ.സി.എഫിന്റെ വിവിധ ഘടകങ്ങൾ നടത്തും.മുൻകാലങ്ങളിൽ പ്രവാസ ലോകത്തും കേരളത്തിലുൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഐ.സി.എഫിന് കീഴിൽ നടപ്പിലാക്കിയ നിരവധി ദുരിതാശ്വാസ പദ്ധതികളുടെയും അവശ്യ സേവനങ്ങളുടെയും മാതൃകകൾ പിന്തുടർന്നാണ് പുനരധിവാസ പദ്ധതികൾക്ക് അന്തിമ രൂപം നൽകുക. 2018ലെ പ്രളയത്തിൽ കിടപ്പാടം നഷ്ടപ്പെട്ട ധാരാളം ആളുകൾക്ക് ഐ.സി.എഫ് വീട് നിർമിച്ചു നൽകിയിട്ടുണ്ട്.
കൂടാതെ കോവിഡ് കാലത്ത് സർക്കാർ നിർദേശ പ്രകാരവും ഫീൽഡ് പഠനത്തിന്റെ അടിസ്ഥാനത്തിലും ഓക്സിജൻ പ്ലാന്റ് ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ ഐ.സി.എഫ് ഏറ്റെടുക്കുകയും സമൂഹത്തിന് സമർപ്പിക്കുകയും ചെയ്തിരുന്നു. സാധാരണക്കാരായ പ്രവാസികളുടെ അകമഴിഞ്ഞ സഹായത്താലാണ് ഇവയെല്ലാം സാധ്യമാക്കിയത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പിന്തുണ പൊതുസമൂഹത്തിൽ നിന്നും പ്രതീക്ഷിക്കുകയാണ് ഐ.സി.എഫ്.
ചൂരൽമല, മുണ്ടക്കൈ മണ്ണിടിച്ചിൽ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പൂർണ സഹായം ലഭ്യമാക്കാനും മനുഷ്യസാധ്യമായ എല്ലാ വഴികളിലൂടെയും ദുരിതബാധിതരെ സഹായിക്കാനും കേന്ദ്ര, കേരള സർക്കാറുകൾ മുന്നോട്ടുവരണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ദുരന്തമുഖത്ത് സേവനം ചെയ്യുന്ന ഇന്ത്യൻ ആർമി, സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരെയും ഹൃദയം തൊട്ട് അഭിവാദ്യം ചെയ്യുന്നതായും ഐ.സി.എഫ് പ്രസ്താവനയിൽ പറഞ്ഞു.