മുണ്ടക്കൈ ദുരന്തം; പരമാവധി ജീവൻ രക്ഷിക്കാനുള്ള ​​ശ്രമം തുടരുന്നുവെന്ന് മുഖ്യമന്ത്രി

മുണ്ടക്കൈ ദുരന്തം; പരമാവധി ജീവൻ രക്ഷിക്കാനുള്ള ​​ശ്രമം തുടരുന്നുവെന്ന് മുഖ്യമന്ത്രി
മുണ്ടക്കൈ ദുരന്തം; പരമാവധി ജീവൻ രക്ഷിക്കാനുള്ള ​​ശ്രമം തുടരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ മു​ണ്ടക്കൈയിലുണ്ടായത് ഹൃദയഭേദകമായ ദുരന്തമാണെന്നും പരമാവധി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴയാണ് പ്രദേശത്ത് ഉണ്ടായിരുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. 93 മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്. ഇത് അന്തിമ കണക്കല്ല. ഇതിൽ മാറ്റങ്ങൾ സംഭവിക്കാം. 128 പേർ ചികിത്സയിലുണ്ട്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്നവരാണ് ദുരന്തത്തിൽ അകപ്പെട്ട് മണ്ണിൽ പൊതിഞ്ഞുപോയത്. നിരവധി പേർ ഒഴുകിപ്പോയി. നിലമ്പൂരിൽ ചാലിയാറിൽനിന്ന് 16 പേരുടെ മൃതദേഹം കണ്ടെത്തി. കൂടാതെ ശരീരഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. 34 മൃതദേഹങ്ങളാണ് ഇതിനകം തിരിച്ചറിഞ്ഞത്. 18 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്ന് വൈകീട്ട് ലെഫ്റ്റനന്റ് കേണലിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘം പുഴ മുറിച്ചുകടന്ന് മുണ്ടക്കൈയിലെ മാർക്കറ്റ് മേഖലയിലെത്തി അവിടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിച്ചു. പരിക്കേറ്റവരെ മുഴുവൻ മാറ്റാൻ സാധിച്ചിട്ടുണ്ട്.
നമ്മുടെ നാട് ഇതുവരെ കണ്ടെതിലെ ഏറ്റവും വലിയൊരു ദുരന്തങ്ങളിലൊന്നാണിത്. ആദ്യ ഉരുൾപൊട്ടൽ പുലർച്ച രണ്ട് മണിക്കാണ് സംഭവിച്ചത്. 4.10ഓടെ വീണ്ടും ഉരുൾപൊട്ടലുണ്ടായി. മേപ്പാടിയും മുണ്ടക്കൈയും ചൂരൽമലയും ഉൾ​പ്പെടെയുള്ള പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോയി. ചൂരൽമല റോഡ് ഒലിച്ചുപോയി. ഇവിടത്തെ സ്കൂൾ ഏറെക്കുറെ മണ്ണിനടിയിലാണ്. ഇരുവഴിഞ്ഞി പുഴ രണ്ടായി ഒഴുകുകയാണ്. വീടുകൾക്കും മറ്റു ജീവനോപാധികൾക്കും വലിയ നാശനഷ്ടമുണ്ടായി.

മണ്ണിനടിയിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം തുടരും. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ്. ദുരന്ത വിവരമറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ബംഗാൾ ഗവർണർ സി.വി. ആനന്ദ് ബോസും വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ഒന്നിച്ച് പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്.

അപകടം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ശ്രമം തുടങ്ങിയിരുന്നു. അഞ്ച് മന്ത്രിമാർ വയനാട്ടിലുണ്ട്. ​അവരു​ടെ മേൽനോട്ടത്തിൽ സൈന്യത്തിന്റെ സഹായമടക്കമുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സാധ്യമാകുന്ന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
പരമാവധി ജീവൻ രക്ഷിക്കാനും പരിക്കേറ്റവർക്ക് മികച്ച ചികിത്സ നൽകാനും മറ്റുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിർദേശം നൽകി. വയനാട്ടിൽ 45 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

Top