തൃശ്ശൂര്‍: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമേര്‍പ്പെടുത്തിയ സാലറി ചലഞ്ച് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം കൈമാറിയത് 46 ഐ.എ.എസ്. ഉദ്യോഗസ്ഥരും 64 ഐ.പി.എസ്. ഓഫീസര്‍മാരുമടക്കം 110 പേര്‍.
സംസ്ഥാനത്ത് നിലവില്‍ 152 ഐ.എ.എസ്. ഉദ്യോഗസ്ഥരും 172 ഐ.പി.എസ്. ഉദ്യോഗസ്ഥരുമാണ് സര്‍വീസിലുള്ളത്. പ്രധാന ചുമതലയിലിരിക്കുന്ന ഉദ്യോഗസ്ഥര്‍പോലും ചലഞ്ചില്‍നിന്ന് വിട്ടുനിന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.സാലറി ചലഞ്ചിനോട് മറ്റ് ജീവനക്കാരില്‍നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചിട്ടില്ല.
Also Read: കർണാടകയിൽ കുടുംബാധിപത്യം; നിഖിൽ കുമാരസ്വാമിയുടെ മൂന്നാം ഭാഗ്യപരീക്ഷണം
28,656 ഗസറ്റഡ് ജീവനക്കാരടക്കം 2,18,228 ജീവനക്കാരാണ് സമ്മതപത്രം നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം സ്വീകരിക്കുന്ന 5,45,423 പേരാണുള്ളത്. ആകെ 93,85,51,746 രൂപയാണ് ഇതുവരെ ചലഞ്ചുവഴി ദുരിതാശ്വാസനിധിയിലെത്തിയത്. സാലറി ചലഞ്ച് പങ്കാളിത്തം സംബന്ധിച്ച് വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍വെച്ച കണക്കനുസരിച്ചാണിത്.
അതേസമയം, പല ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരും സ്പാര്‍ക്ക് വഴിയല്ലാതെ നേരിട്ട് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയിട്ടുണ്ടെന്നറിയുന്നു. ഇത്തരത്തില്‍ എത്രപേര്‍ പണം നല്‍കിയെന്നതുസംബന്ധിച്ച കണക്ക് സര്‍ക്കാര്‍ ശേഖരിക്കുന്നുണ്ട്.