CMDRF

വയനാട് ദുരന്തം; കണ്ടെടുത്തത് 240 മൃതദേഹങ്ങൾ; ഇപ്പോഴും ഇരുന്നൂറിലധികം പേർ കാണാമറയത്ത്

വയനാട് ദുരന്തം; കണ്ടെടുത്തത് 240 മൃതദേഹങ്ങൾ; ഇപ്പോഴും ഇരുന്നൂറിലധികം പേർ കാണാമറയത്ത്
വയനാട് ദുരന്തം; കണ്ടെടുത്തത് 240 മൃതദേഹങ്ങൾ; ഇപ്പോഴും ഇരുന്നൂറിലധികം പേർ കാണാമറയത്ത്

മേപ്പാടി: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍. 225 പേരെ ഇനിയും കണ്ടെത്താനുള്ളതെന്നും അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. അതേസമയം, സര്‍ക്കാർ ഇതുവരെയായി ഔദ്യോഗികമായി സ്ഥിരീകരിച്ചത് 158 മരണങ്ങളാണ്.

മരിച്ചവരില്‍ 86 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ 73 പേര്‍ പുരുഷന്മാരും 66 പേര്‍ സ്ത്രീകളുമാണ്. 18 പേര്‍ കുട്ടികളാണ്. ഒരു മൃതദേഹത്തിൻ്റെ ആൺ പെൺ വ്യത്യാസം തിരിച്ചറിഞ്ഞിട്ടില്ല. 147 മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

52 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതില്‍ 42 എണ്ണം പോസ്റ്റുമോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 213 പേരെയാണ് ദുരന്ത പ്രദേശത്തുനിന്ന് ആശുപത്രികളില്‍ എത്തിച്ചത്. ഇതില്‍ 97 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. 117 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിക്ക് മാറ്റി. വയനാട്ടില്‍ 92 പേരും മലപ്പുറത്ത് അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.

ദുരന്തമുണ്ടായ ചൂരല്‍മഴ പ്രദേശത്ത് കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിട്ടുണ്ട്. പുഴയിലെ നീരൊഴുക്ക് വര്‍ധിക്കുകയും ജലനിരപ്പ് ഉയരുകയും ചെയ്തു. കഴിഞ്ഞദിവസം കണ്ണൂര്‍ ഡി.എസ്.സി. നിര്‍മ്മിച്ച താത്കാലിക പാലം വെള്ളത്തിനടിയിലായി.

അതേസമയം, ചൂരൽമലയിൽ ബെയ്‌ലി പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സൈന്യമാണ് ബെയ്‌ലി പാലം നിര്‍മ്മിക്കുന്നത്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാകും.

Top