കാസര്‍കോട്: കെപിസിസിയുടെ വയനാട് ക്യാമ്പില്‍ തൃശ്ശൂരിലെ പരാജയമടക്കം ചര്‍ച്ച ചെയ്‌തെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുഴുവന്‍ ജയവും പരാജയവും ചര്‍ച്ച ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത് തൃശ്ശൂരില്‍ മൂന്നാം സ്ഥാനത്ത് പോയതിന്റെ ഉത്തരവാദിത്വം ആര്‍ക്കെന്ന് പറയാനുള്ള അവസരം മുരളീധരന്‍ ഉപയോഗപ്പെടുത്തിയില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
മുരളീധരന്‍ കോണ്‍ഗ്രസിന്റെ ഉന്നതനായ നേതാവാണ്. ആ നേതാവാണ് പരാജയപ്പെട്ടത്. പരാജയം ചര്‍ച്ച ചെയ്യേണ്ട സമ്മേളനമാണ് വയനാട്ടില്‍ നടന്നത്. ആ സമ്മേളനത്തില്‍ പങ്കെടുക്കാതെ അതില്‍ പറയേണ്ട കാര്യങ്ങള്‍ പുറത്ത് പറയേണ്ട കാര്യമില്ല. അദ്ധേഹത്തെ പോലൊരു സീനിയര്‍ നേതാവിന് തൃശ്ശൂര്‍ മൂന്നാം സ്ഥാനത്ത് പോകേണ്ടി വന്ന സാഹചര്യം വയനാട്ടിലെ ക്യാമ്പില്‍ വന്ന് വിശദീകരിക്കണമായിരുന്നു. അദ്ധേഹം പങ്കെടുക്കാത്തത് വലിയ വേദനയുണ്ടാക്കിയെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ആരെങ്കിലും അദ്ദേഹത്തെ മനഃപൂര്‍വം തോല്പിക്കാന്‍ ശ്രമിച്ചെങ്കില്‍ അത്തരം ആളുകളെ പോയിന്റ് ഔട്ട് ചെയ്യാനുമുള്ള അവസരമാണ് വയനാട്ടില്‍ കിട്ടിയത്. അത് ഉപയോഗിക്കണമായിരുന്നു എന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പിസത്തിനും പടല പിണക്കങ്ങള്‍ക്കും സ്ഥാനമില്ല. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലെ മികച്ച വിജയം ലക്ഷ്യമിട്ടാണ് ജില്ലകളുടെ ചുമതല നേതാക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ അധികാരത്തില്‍ തിരിച്ചെത്തിക്കുക എന്നതാണ് പ്രധാന ദൗത്യം. പാര്‍ട്ടിയുടെ ദൗര്‍ബല്യങ്ങള്‍ മാറ്റിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. സിപിഐഎമ്മിന്റെ തകര്‍ച്ചയില്‍ കോണ്‍ഗ്രസിന് ആഹ്ലാദമില്ല. സിപിഐഎം വോട്ട് ബിജെപിയിലേക്ക് വഴിമാറി പോകാതിരിക്കാന്‍ ആണ് കോണ്‍ഗ്രസിന്റെ ശ്രമം എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.