മെഡിക്കൽ വിദ്യാർത്ഥിയുടെ കൊലപാതകം; മമത സർക്കാറിനെ വെട്ടിലാക്കി എസ്.എഫ്.ഐ നീക്കം

മെഡിക്കൽ വിദ്യാർത്ഥിയുടെ കൊലപാതകം; മമത സർക്കാറിനെ വെട്ടിലാക്കി എസ്.എഫ്.ഐ നീക്കം
മെഡിക്കൽ വിദ്യാർത്ഥിയുടെ കൊലപാതകം; മമത സർക്കാറിനെ വെട്ടിലാക്കി എസ്.എഫ്.ഐ നീക്കം

രാജ്യത്തെ നടുക്കിയ പശ്ചിമ ബംഗാളിലെ പിജി ഡോക്ടറുടെ കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്. പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നതായ ആരോപണം ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളിനു സമീപം ദിവസങ്ങൾക്കുള്ളിൽ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത് ചൂണ്ടിക്കാട്ടി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും രംഗത്തുവന്നത് മമത ഭരണകൂടത്തെ ശരിക്കും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ, ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലെത്തിയാണ് പ്രതിഷേധിച്ചത്. തെളിവ് നശിപ്പിക്കാനും യഥാർത്ഥ പ്രതികളെ രക്ഷിക്കാനുമാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നതെന്നാണ് ഇരു സംഘടനകളും ആരോപിക്കുന്നത്. പെൺകുട്ടിയെ ഒന്നിലധികം പേർ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളതെന്നാണ് ഇടത് അനുകൂല ഡോക്ടർമാരുടെ സംഘടനയും വെളിപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗകുറ്റം ഒരാളിൽ മാത്രം ചാർത്തി നൽകി മറ്റു പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതായ വിവരം പുറത്തുവന്നത് വലിയ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്.

‘ഇത് ഒരാളുടെ മാത്രം ചെയ്തിയല്ലെന്നത് വ്യക്തമാണ്. അവൾ കൂട്ടബലാത്സംഗത്തിന് വിധേയയായിട്ടുണ്ട്’ ഡോക്ടർ സുബർണ ഗോസ്വാമിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് ഇങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുടുംബത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കാണിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് ഡോക്ടർ സുബർണ ഗോസ്വാമി. സംഭവത്തിൽ 31 കാരനായ സഞ്ജയ് റോയിയെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, ഇയാളല്ല യഥാർത്ഥ പ്രതിയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഈ കേസിൽ സി.ബി.ഐ അന്വേഷണം തുടങ്ങുന്നതിനു മുൻപ് തന്നെ തിരക്കിട്ട് ചെസ്റ്റ് മെഡിസിൻ ഡിപ്പാർട്ട്‌മെന്റിൽ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ, ശക്തമായ പ്രതിഷേധമാണ് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും ഉയർത്തിയിരിക്കുന്നത്.

ഇവിടെ റസിഡന്റ് ഡോക്ടേഴ്‌സ് ഏരിയയും സ്ത്രീകൾക്കായുള്ള ടോയ്‌ലെറ്റും പുനഃരുദ്ധാരണ പ്രവർത്തനങ്ങളുടെ പേരിലാണ് പൊളിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം തുടങ്ങുന്നതിന് മുമ്പ് തെളിവ് നശിപ്പിക്കാൻ മമതാ ബാനർജി സർക്കാരും മെഡിക്കൽ കോളേജ് അധികൃതരും ചേർന്ന് നടത്തുന്ന നീക്കമാണിതെന്നാണ് പ്രതിഷേധക്കാർ തുറന്നടിച്ചിരിക്കുന്നത്. അതേസമയം, ഇതേ വിഷയം ചൂണ്ടിക്കാട്ടി ബി.ജെ.പിയും ഇപ്പോൾ രംഗത്ത് എത്തിയിട്ടുണ്ട്.

‘ഹീനമായ ഈ കുറ്റകൃത്യം ചെയ്തിരിക്കുന്നത് തൃണമൂൽ കോൺഗ്രസിന്റെ ഉന്നത നേതാക്കളുടെ കുടുംബാംഗങ്ങളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു’എന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്‌സിൽ കുറിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ഗൗരവമായി റിപ്പോർട്ട് ചെയ്ത ഈ കൊലപാതക കേസ് സിബിഐക്ക് വിടാൻ കൽക്കട്ട ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും എത്രയും പെട്ടെന്ന് സിബിഐക്ക് കൈമാറാനും കോടതി പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

ആഗസ്റ്റ് ഒമ്പത് വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു പി ജി വിദ്യാർത്ഥിനിയായ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊലപ്പെട്ടത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്‌നമായ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയിരുന്നത്. ശരീരമാസകലം മാരകമായി മുറിവേറ്റിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിന് പെൺകുട്ടി ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ ബംഗാൾ അക്ഷരാർത്ഥത്തിൽ ഇളകി മറിയുകയാണ് ഉണ്ടായത്. സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാരും കടുത്ത പ്രതിഷേധത്തിലാണ്.

വനിതാ ഡോക്ടറെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കും വരെ ശക്തമായ ഇടപെടൽ നടത്തുമെന്നാണ് പ്രതിപക്ഷ സംഘടനകൾ അറിയിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലും മമത സർക്കാറിനെതിരെ രൂക്ഷമായ കടന്നാക്രമണമാണ് നടക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മമതയുടെ തൃണമൂൽ കോൺഗ്രസ്സാണ് വൻ മുന്നേറ്റം നടത്തിയതെങ്കിൽ പ്രക്ഷോഭ രംഗത്ത് എസ്.എഫ്.ഐയും, ഡി.വൈ.എഫ്.ഐയുമാണ് ഇപ്പോൾ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. മമത സർക്കാരിന് എതിരെ ലഭിക്കുന്ന ഒരു ആയുധവും അവർ പാഴാക്കുന്നില്ല. ഏറ്റവും ഒടുവിൽ വനിതാ ഡോക്ടറുടെ കൊലപാതകത്തിലും അത് വ്യക്തമാണ്. ഇത്തരം സംഭവങ്ങളിൽ ഭരണകൂടത്തിന്റെ ഇടപെടലുകളെയാണ് ഇടതുക്ഷ സംഘടനകൾ പൊളിച്ചടുക്കുന്നത്.

EXPRESS VIEW

Top