കൊൽക്കത്തയിലെ യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊല ചെയ്ത് കേസിൽ പ്രതികരണവുമായി ഇന്ത്യൻ ട്വന്റി-20 ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. രാജ്യത്തെ മൊത്തം സങ്കടത്തിലും നിരാശയിലുമാഴ്ത്തിയ സംഭവം ഓഗസ്റ്റ് ഒമ്പതിനാണ് നടക്കുന്നത്. ഇതിന് പിന്നാലെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. നിങ്ങൾ എല്ലാ തലത്തിലുമുള്ള ആണുങ്ങളെയും സ്ത്രീകളോട് പെരുമാറാൻ പഠിപ്പിക്കുക എന്നാണ് സൂര്യകുമാർ യാദവ് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത്.
‘നിങ്ങളുടെ ആൺമക്കളെ, സഹോദരങ്ങളെ, അച്ചനെ, ഭർത്താവിനെ പിന്നെ ആൺ സുഹൃത്തുക്കളെയെല്ലാം പഠിപ്പിക്കുക,’ സൂര്യ കുറിച്ചു.’നിങ്ങളുടെ പെൺമക്കളെ സംരക്ഷിക്കുക’ എന്ന വാക്യത്തെ തിരുത്തികൊണ്ടാണ് ഈ വരികൾ എഴുതിയിരിക്കുന്നത്. നേരത്തെ ഇന്ത്യൻ പേസ് ബൗളർമാരായ മുഹമ്മദ് സിറാജും, ജസ്പ്രീത് ബുംറയും ഇത്തരത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴും ഇത് സ്ത്രീയുടെ കുഴപ്പമാണെന്നുള്ള കാരണമാണോ നിങ്ങൾ പറയുന്നത് എന്നാണ് സിറാജ് ചോദിച്ചത്.
സ്ത്രീകളോട് അവരുടെ പാത മാറ്റാനല്ല ബാക്കി മുഴുവൻ പാതയുമാണ് മാറേണ്ടത് എന്നായിരുന്നു ബുംറയുടെ കമന്റ്.ഓഗസ്റ്റ് ഒമ്പതിന് കൊൽക്കത്തിയിലെ ആർ.ജി കാർ മെഡിക്കൽ കോളെജിലെ ട്രെയിനീ ഡോക്റ്ററെയാണ് അവിടുത്തെ സെമിനാർ ഹാളിൽ വെച്ച് ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്.