കൊൽക്കത്ത: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബം വീട്ടുതടങ്കലിലാണെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി. കുടുംബത്തെ പൊലീസ് വീടിന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും സിഐഎസ്എഫിന് ഇത് സംബന്ധിച്ച വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട യുവഡോക്ടറുടെ കുടുംബത്തെ വസതിയിലെത്തി സന്ദർശിക്കുകയും അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. പൊലീസ് അവരെ വിർച്വൽ അറസ്റ്റിൽ വെച്ചിരിക്കുകയാണ്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കുടുംബത്തെ വീടിന് പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. പൊലീസ് അവർക്ക് ചുറ്റും ബാരിക്കേഡ് തീർത്തിട്ടുണ്ട്. സിഐഎസ്എഫിന് ഇത് സംബന്ധിച്ച വിവരമില്ല, അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ നടക്കുന്ന പ്രതിഷേധത്തിനിടയിലാണ് ചൗധരിയുടെ സന്ദർശനം. ഡോക്ടറുടെ മൃതദേഹം വേഗത്തിൽ ദഹിപ്പിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കുടുംബത്തിന് പണം വാഗ്ധാനം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.
Also read: വിദ്യാർത്ഥികൾക്ക് നേരെ വാഹനം ഇടിച്ചു കയറ്റി; സിവിക് വളണ്ടിയർ അറസ്റ്റിൽ
വിശദാംശങ്ങൾ ചുവടെ:
ഓഗസ്റ്റ് ഒമ്പതിനാണ് ഡോക്ടർ അതിക്രൂരമായി കൊല്ലപ്പെട്ടത്. വസ്ത്രങ്ങൾ മാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ രക്തസ്രാവവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടെന്ന് നാല് പേജുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പിന്നാലെ രാജ്യവ്യാപകമായി ഡോക്ടർമാർ പ്രതിഷേധം സംഘടിപ്പിച്ചു. സുപ്രീം കോടതിയുടെ ഉറപ്പും നിർദേശവും ലഭിച്ചതിന് പിന്നാലെ രാജ്യത്തെ മറ്റ് സ്ഥലങ്ങളിലെ ഡോക്ടർമാർ പ്രതിഷേധം അവസാനിപ്പിച്ച് ജോലിയിൽ പ്രവേശിച്ചിരുന്നു. എന്നാൽ കൊൽക്കത്തയിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്.