ചെറുതോണി: മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ് യാത്രക്കാരെ വലക്കുന്നു. ബസുകൾ നിർത്തിയിടാൻ പോലും ഇടം നൽകാതെയാണ് സ്വകാര്യവാഹനങ്ങൾ സ്റ്റാൻഡ് കൈയടക്കിയത്.പൊലീസും മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കാതായതോടെയാണ് ജനം ദുരിതത്തിലായത്. വാത്തിക്കുടി പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇവിടെ അനധികൃത പാർക്കിങ് നടത്തുന്നുണ്ട്. വാത്തിക്കുടി പഞ്ചായത്ത് ആസ്ഥാനമായ മുരിക്കാശ്ശേരി ടൗണിൽ പഞ്ചായത്ത് ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന ഷോപ്പിങ് കോംപ്ലക്സിൻറെ മുന്നിലാണ് സ്റ്റാൻഡ്. അടിമാലി, ചെറുതോണി, തൊടുപുഴ, തോപ്രാംകുടി പ്രദേശങ്ങളിലേക്കുള്ള ബസുകൾ ഇവിടെനിന്നുമാണ് തിരിഞ്ഞു പോകേണ്ടത്.
എന്നാൽ സ്റ്റാൻഡിൽ ബസുകൾക്ക് പ്രവേശിക്കാൻ കഴിയാത്ത വിധത്തിലാണ് സ്വകാര്യവാഹനങ്ങൾ കൈയടക്കിയിരിക്കുന്നത്. പഞ്ചായത്തിലെ ജനപ്രതിനിധികൾക്കായി നിശ്ചിത ഇടം അനുവദിച്ച് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നത് പതിവാണ്.ജനങ്ങൾക്കായി ഷോപ്പിങ് കോംപ്ലക്സിൻറെ അടിഭാഗത്ത് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ ആരും ഇത് പ്രയോജനപ്പെടുത്താതെ സ്റ്റാൻഡ് കൈയടക്കുകയാണ്.