മസ്കത്ത്: വാഹനത്തിൻറെ പാർക്കിങ്ങും റിസർവേഷൻ പെർമിറ്റുകളും സംബന്ധിച്ച സംവിധാനങ്ങൾ പരിഷ്കരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ ഇലക്ട്രോണിക് സർവിസസ് പോർട്ടൽ വഴി ആവശ്യക്കാർക്ക് സേവനങ്ങൾക്കായി അപേക്ഷിക്കാം. മുനിസിപ്പൽ മേഖലയിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. താമസക്കാർക്ക് പോർട്ടൽ വഴി അവരുടെ പാർക്കിങ് പെർമിറ്റുകൾ ഭേദഗതി ചെയ്യുകയോ കൈമാറുകയോ ചെയ്യാം.
പെർമിറ്റിൽ വാഹനം അപ്ഡേറ്റ് ചെയ്യാനും റിസർവേഷൻ ഏരിയയിൽ മാറ്റം വരുത്താനും ഈ സേവനം അനുവദിക്കുന്നു. കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ പരിസരത്തുള്ള പൊതു പാർക്കിങ് പെർമിറ്റുകൾ പുതുക്കാനും മസ്കത്ത് മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഫീസിന് വിധേയമായ പ്രദേശത്താണ് പാർക്കിങ്ങെങ്കിൽ ഓരോ പാർക്കിങ്ങിനും പ്രതിമാസം 50 റിയാലും ഫീസിന് വിധേയമല്ലാത്ത പ്രദേശത്താണ് പാർക്കിങ്ങെങ്കിൽ പ്രതിമാസം 30 റിയാലുമാണ് ഫീസ്. പൊതു പാർക്കിങ് റിസർവേഷൻ പെർമിറ്റ് റദ്ദാക്കുന്നതിന് നിലവിലെ പെർമിറ്റ് കാലാവധി അവസാനിച്ച ശേഷം ആവശ്യമായ രേഖകൾക്കൊപ്പം ഒരു റദ്ദാക്കൽ അഭ്യർത്ഥന സമർപ്പിച്ചാൽ മാത്രം മതിയാകും.