അയോധ്യയില്‍ ക്ഷേത്രങ്ങള്‍ക്കായി മ്യൂസിയം: ടാറ്റാ സണ്‍സിന് അനുമതി നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

അയോധ്യയില്‍ ക്ഷേത്രങ്ങള്‍ക്കായി മ്യൂസിയം: ടാറ്റാ സണ്‍സിന് അനുമതി നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ലഖ്നൗ: അയോധ്യയില്‍ 650 കോടി രൂപ ചെലവില്‍ ക്ഷേത്രങ്ങള്‍ക്കായി മ്യൂസിയം നിര്‍മ്മിക്കാനുള്ള അനുമതി ടാറ്റാ സണ്‍സിന് നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളുടെ ആര്‍ക്കിടെക്ചറുകളുടെ ചരിത്രം വിശദീകരിക്കുന്നതാവും മ്യൂസിയം. അന്തരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാണ് നിര്‍മ്മിക്കുന്നത്. ആവശ്യമായ ഭൂമി ഉത്തര്‍പ്രദേശ് വിനോദ സഞ്ചാര വകുപ്പ് ഒരു രൂപ സൂചനത്തുകയായി സ്വീകരിച്ച് 90 വര്‍ഷത്തെ പാട്ടത്തിന് നല്‍കുമെന്ന് ടൂറിസം മന്ത്രി ജയ്വീര്‍ സിങ് പറഞ്ഞു.

ടാറ്റാ സണ്‍സിന്റെ സിഎസ്ആര്‍ ഫണ്ടിന് കീഴിലാണ് മ്യൂസിയം നിര്‍മ്മിക്കുന്നത്. പൈതൃക കെട്ടിടങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കിയതായും ജയ്വീര്‍ സിങ് പറഞ്ഞു. മ്യൂസിയത്തില്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പടെ ഉണ്ടാവും. ഇതിനൊപ്പം 100 കോടി മുടക്കി ക്ഷേത്രനഗരത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും ടാറ്റ സണ്‍സ് നടത്തും.

ലഖ്‌നോ, പ്രയാഗ്രാജ് തുടങ്ങിയ നഗരങ്ങളില്‍ പിപിപി മോഡലില്‍ ഹെലികോപ്ടര്‍ സര്‍വീസ് തുടങ്ങുന്നതിനുള്ള നിര്‍ദേശത്തിനും യുപി കാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ഹെറിറ്റേജ് സൈറ്റുകളില്‍ ടൂറിസം വികസനത്തിനിനുള്ള പദ്ധതിക്കും മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. മ്യൂസിയം നിര്‍മ്മാണത്തിന് ടൂറിസം ഫെലോഷിപ്പ് പ്രോഗ്രാമിന് കീഴില്‍ ഗവേഷകരെ കണ്ടെത്തുമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. നഗരവികസന മന്ത്രി എ കെ ശര്‍മ, ധനമന്ത്രി സുരേഷ് ഖന്ന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷമാണ് ഇതുസംബന്ധിച്ച ആശയം രൂപപ്പെട്ടത്. പിന്നീട് യോഗി ആദിത്യനാഥും മുതിര്‍ന്ന ഉദ്യോഗസ്ഥരും പദ്ധതിരൂപരേഖ പ്രധാനമന്ത്രിയുടെ മുമ്പാകെ അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന് പദ്ധതി ഇഷ്ടമാവുകയും പിന്നീട് ഇതേക്കുറിച്ച് വിശദമായി സംസാരിക്കാമെന്ന് അറിയിക്കുകയുമായിരുന്നുവെന്നും യുപി വിനോദസഞ്ചാര വകുപ്പ് മന്ത്രി അറിയിച്ചു.

Top