യുഡിഎഫിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ ചർച്ചകൾ സജീവമാക്കി മുസ്ലിം ലീഗ്; പി കെ കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കാൻ സാധ്യത

യുഡിഎഫിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ ചർച്ചകൾ സജീവമാക്കി മുസ്ലിം ലീഗ്; പി കെ കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കാൻ സാധ്യത
യുഡിഎഫിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ ചർച്ചകൾ സജീവമാക്കി മുസ്ലിം ലീഗ്; പി കെ കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കാൻ സാധ്യത

കോഴിക്കോട്: യുഡിഎഫിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ ചർച്ചകൾ സജീവമാക്കി മുസ്ലിം ലീഗ്. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇൻഡ്യാ മുന്നണി അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്താമെന്നാണ് കണക്ക് കൂട്ടൽ. രാജ്യസഭ സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാൻ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെന്ന് പിഎംഎ സലാം വ്യക്തമാക്കി. സീറ്റ് സംബന്ധിച്ച തീരുമാനം ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെകൂടി അടിസ്ഥാനത്തിലാകുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു.

ജൂൺ 4 ന് തിരഞ്ഞെടുപ്പ് ഫലം ഇൻഡ്യമുന്നണിയ്ക്ക് അനുകൂലമാണെങ്കിൽ നിലവിലെ ചർച്ചകൾ മാറും. കേന്ദ്രമന്ത്രിസഭയിൽ ഇടം ഉറപ്പിയ്ക്കാനായാൽ രാജ്യസഭയിലേക്ക് കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കണമെന്നാണ് ലീഗിൽ ഉയർന്നുവരുന്ന ചർച്ച. പൊന്നാനിയിലും മലപ്പുറത്തും ജയിച്ചാൽ കേന്ദ്രമന്ത്രിസഭയിലേക്ക് മൂന്നാമതൊരാളെ പരിഗണിക്കുന്ന കാര്യത്തിൽ പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാൽ മുതിർന്ന നേതാവ് ഇ ടി മുഹമദ് പാർട്ടിയിലെ തീവ്രനിലപാടുകാരനായതിനാൽ പാർട്ടിയിലും പുറത്തും സ്വീകാര്യനായ കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കണമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരുടെ വാദം. ഇതിനായി കോൺഗ്രസിൽ മുതിർന്ന നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. പക്ഷെ ജൂൺ 4 ന് ശേഷം തുറന്ന ചർച്ച മതിയെന്നാണ് തീരുമാനം. പി എംഎ സലാമും എം കെ മുനീറും പരിഗണന പട്ടികയിലുണ്ടായിരുന്നു.

Top