ചേലക്കരയിൽ അട്ടിമറി വിജയം നേടി കേരളത്തിലെ ഇടതുപക്ഷത്തിൻ്റെ അടിവേര് ഇളക്കാൻ ഇറങ്ങിയ യു.ഡി.എഫിൻ്റെ സകല കണക്ക് കൂട്ടലുകളും തെറ്റിച്ച വിജയമാണ് ചേലക്കരിയിൽ ഇടതുപക്ഷം ഇപ്പോൾ നേടിയിരിക്കുന്നത്. സകല ജാതി -മത സംഘടനകളുടെ പിന്തുണയുണ്ടായിട്ടും ഒരു മുന്നേറ്റവും ഉണ്ടാക്കാൻ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് കഴിഞ്ഞിട്ടില്ല. അതേസമയം എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ട് വേണ്ടന്ന് പറഞ്ഞു തന്നെയാണ് ഇടതുപക്ഷം വോട്ട് പിടിച്ചിരുന്നത് എന്നതും നാം മനസ്സിലാക്കേണ്ടതുണ്ട്.
ഇടതുപക്ഷം രണ്ടര പതിറ്റാണ്ട് കുത്തകയാക്കിയ ചേലക്കരയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസും ഉയർത്തിയ തന്ത്രങ്ങളെയെല്ലാം തകർത്താണ് ഇടതുപക്ഷ സ്ഥാനാർത്ഥി യു.ആർ പ്രദീപ് മികച്ച മുന്നേറ്റം നടത്തിയിരിക്കുന്നത്. പോസ്റ്റൽ ബാലറ്റ് മുതൽ വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും പ്രദീപ് തന്നെയായിരുന്നു മുന്നേറ്റം നടത്തിയിരുന്നത്.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, സി.പി.എം കോട്ടയായ ആലത്തൂരിൽ പി.കെ ബിജുവിനെ പാട്ടുംപാടി തോൽപ്പിച്ച രമ്യ ഹരിദാസിനെ, 2024ൽ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചത് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനായിരുന്നു. കെ. രാധാകൃഷ്ണൻ ലോക്‌സഭയിലേക്കു പോയതോടെയാണ് ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Also Read: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ബ്രിട്ടൻ
ആലത്തൂരിൽ പരാജയപ്പെട്ട രമ്യഹരിദാസിനെ ഇറക്കി സഹതാപവും ഭരണവിരുദ്ധ വികാരവും വോട്ടാക്കി വിജയിക്കാമെന്നതായിരുന്നു കോൺഗ്രസിൻ്റെ കണക്ക് കൂട്ടൽ. ഈ തന്ത്രമാണ് ചേലക്കരയിൽ തകർന്ന് തരിപ്പണമായിരിക്കുന്നത്.
2019-ൽ, ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിൽ പരാജയപ്പെട്ട ഷാനി മോൾ ഉസ്മാനെ അരൂരിൽ മത്സരിപ്പിച്ച് വിജയിപ്പിച്ച തന്ത്രമായിരുന്നു കോൺഗ്രസ് പയറ്റിയിത്. എന്നാൽ അരൂരിലെ വിജയതന്ത്രം പക്ഷേ ചേലക്കരയിൽ ഏശിയിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും അഭിമാനിക്കാവുന്ന വിജയമാണ് ചേലക്കരയിൽ ഉണ്ടായിരിക്കുന്നത്. സിറ്റിങ് സീറ്റ് കൈവിടാതെ നിലനിർത്താനായി എന്നത് ആശ്വാസകരം മാത്രമല്ല അഭിമാനം കൂടിയാണ്. അനുകൂല ഘടകങ്ങൾ ഏറെ ഉണ്ടായിട്ടും പ്രയോജനപ്പെടുത്താനായില്ല എന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോൺഗ്രസിനും രാഷ്ട്രീയമായി വൻ തിരിച്ചടിയാണ്.
Also Read: ബെയ്‌റൂട്ടിനെ വീണ്ടും ലക്ഷ്യമിട്ട് ഇസ്രയേൽ
സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് സി.പി.എം ഇത്തവണ ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്. ഭരണ വിരുദ്ധ വികാരം, തൃശൂർപൂരം കലക്കലിലെ സി.പി.ഐയുടെ ഇടച്ചിൽ, കണ്ണൂരിൽ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയും അതുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അറസ്റ്റിലായതുമെല്ലാം മാധ്യമങ്ങളും പ്രതിപക്ഷവും വലിയ രൂപത്തിലാണ് ആയുധമാക്കിയത്.
ഇതിനു പുറമെ, പി.വി അൻവർ എം.എൽ.എ, മുന്നണി ബന്ധം ഉപേക്ഷിച്ച് നടത്തിയ കലാപവും വെളിപ്പെടുത്തലും മുഖ്യമന്ത്രിക്ക് എതിരായ ആയുധമാക്കി നിരന്തരം ഉപയോഗിക്കുകയുണ്ടായി. മാധ്യമധർമ്മം വിട്ട്, ചുവപ്പ് കണ്ട കാളയെ പോലെയാണ്, ഇവിടുത്തെ മാധ്യമങ്ങൾ ഒന്നടങ്കം, മുഖ്യമന്ത്രി പിണറായിക്കും സി.പി.എമ്മിനും എതിരെ വാർത്തകൾ പടച്ചു വിട്ടിരുന്നത്.
പിണറായിക്കിട്ട് നല്ലൊരു അടികൊടുക്കാൻ ചേലക്കരയിലൂടെ കഴിയുമെന്ന് കരുതിയ മാധ്യമങ്ങളും പ്രതിപക്ഷവും വിധി വന്നതോടെ ഇപ്പോൾ ഇളഭ്യരായി മാറിയിട്ടുണ്ട്. കൃത്യവും വ്യക്തവുമായ ആധികാരിക വിജയമാണ് ചേലക്കരയിൽ ഇടതുപക്ഷം നേടിയിരിക്കുന്നത്.
Also Read: ‘യുക്രെയ്‌നിലേക്ക് അതീവ പ്രഹരശേഷിയുള്ള മിസൈൽ തൊടുത്തുവിടും’; പുടിൻ
ചേലക്കരയിൽ വിജയിക്കാൻ കഴിയാതിരുന്നത്, വലിയ നിരാശയാണ് കോൺഗ്രസ്സിൽ ഉണ്ടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് തമ്പടിച്ച് പ്രവർത്തിച്ചിട്ടും എന്തു കൊണ്ടാണ് മുന്നേറാൻ കഴിയാത്തത് എന്നതാണ് കോൺഗ്രസ്സിനെ ഇരുത്തിചിന്തിപ്പിക്കുന്നത്. ഇനി എങ്ങനെ സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന് പറയുമെന്നതും, കോൺഗ്രസ്സും ലീഗും നേരിടാൻ പോകുന്ന പ്രശ്നം തന്നെയാണ്.
“കെ.രാധാകൃഷ്ണനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി ലോക്‌സഭയിലേക്കയച്ച് തരംതാഴ്ത്തിയതാണെന്നും മുഖ്യമന്ത്രിയാകാനുള്ള രാധാകൃഷ്ണന്റെ സാധ്യത തകർക്കുകയാണെന്നുമുള്ള ‘പുഴീക്കടകനാണ്’ അവസാന നിമിഷം പ്രതിപക്ഷം പയറ്റിയിരുന്നത്.
“എന്നെ ഇഷ്ടമുണ്ടെങ്കിൽ പ്രദീപിന് വോട്ടുചെയ്യണമെന്നു പറഞ്ഞാണ് ” കെ. രാധാകൃഷ്ണൻ ഈ ആരോപണത്തിന് മറുപടി നൽകിയിരുന്നത്.
മികച്ച സംഘടനാസംവിധാനവും ചിട്ടയായ പ്രവർത്തനവും സ്ഥാനാർത്ഥി എന്ന നിലയിൽ പ്രദീപിന്റെ വ്യക്തിഗത മികവുമാണ് ചേലക്കര കോട്ട നിലനിർത്താൻ സി.പി.എമ്മിനെ സഹായിച്ച പ്രധാന ഘടകങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ചേലക്കരയിലെ ഇടതുപക്ഷത്തിൻ്റെ പ്രചരണം നയിച്ചിരുന്നത്.
Also Read: നീലപ്പെട്ടി…ക്രിസ്റ്റൽ ക്ലിയർ… ഇ.പി… വിവാദങ്ങളിൽ വിളവെടുപ്പ് നടത്തി കോൺഗ്രസ്, ഇത് വി.ഡിയുടെ വിജയം
ഇപ്പോഴും കേരളത്തിലെ നമ്പർ വൺ ക്രൗഡ് പുള്ളർ പിണറായി ആണെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പ് വിധി കൂടിയാണ് ചേലക്കരയിൽ ഉണ്ടായിരിക്കുന്നത്. ചേലക്കരയിൽ തമ്പടിച്ച് പ്രചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ. മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളും, ഈ വിജയത്തിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ചേലക്കരയിലെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട്.
പാണക്കാട് പോയി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച രമ്യാഹരിദാസിന് വേണ്ടി ലീഗ് പ്രവർത്തകർ അരയും തലയും മുറുക്കി ഇറങ്ങിയിട്ടും ന്യൂനപക്ഷ വോട്ടുകൾ ചേലക്കരയിൽ ഒഴുകിയിരിക്കുന്നത് ഇടതുപക്ഷത്തേക്കാണ്. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തെ കൈവിട്ടു എന്ന പ്രചരണത്തിൻ്റെ മുനയും ഇതോടെ ഒടിഞ്ഞിട്ടുണ്ട്. അതായത്, മൂന്നാം തവണയും കേരള ഭരണമെന്ന ഇടതുപക്ഷത്തിൻ്റെ സ്വപ്നത്തിനാണ്, ചേലക്കര വിജയം ഇപ്പോൾ പ്രതീക്ഷ നൽകിയിരിക്കുന്നത്. അതാകട്ടെ വ്യക്തവുമാണ്.
വീഡിയോ കാണുക