CMDRF

കുട്ടികളെ പുറത്തേക്ക് വിടരുത്, അവധി വിനോദയാത്രയ്ക്കല്ല; ഓര്‍മിപ്പിച്ച് സാദിഖലി തങ്ങൾ

കുട്ടികളെ പുറത്തേക്ക് വിടരുത്, അവധി വിനോദയാത്രയ്ക്കല്ല; ഓര്‍മിപ്പിച്ച് സാദിഖലി തങ്ങൾ
കുട്ടികളെ പുറത്തേക്ക് വിടരുത്, അവധി വിനോദയാത്രയ്ക്കല്ല; ഓര്‍മിപ്പിച്ച് സാദിഖലി തങ്ങൾ

മലപ്പുറം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലും എറണാകുളത്തും അടക്കം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരും അടക്കമുള്ള ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിലും കനത്ത മഴ പെയ്യുകയാണ്.

ഈ സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂര്‍ കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകളും ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

ശക്തമായ മഴ സാധ്യത നിലനിൽക്കെ, ലീഗ് പ്രവര്‍ത്തകരോടും കുട്ടികളോടും മുന്നറിയിപ്പ് നൽകുകയാണ്  മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. മഴക്കെടുതിയിൽ പ്രയാസപ്പെടുമ്പോൾ, ഏറെ ജാഗ്രത പുലര്‍ത്തണമെന്നും അവധികൾ അപകടങ്ങൾ ഒഴിവാക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അവധിയാണെന്ന് കരുതി കുട്ടികളെ പുറത്തേക്ക് വിടുന്നതും വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതും നിർബന്ധമായും ഒഴിവാക്കണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഒപ്പം ആവശ്യമായ ഇടങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സാദിഖലി തങ്ങളുടെ കുറിപ്പ്

കേരളമാകെ മഴക്കെടുതിയിൽ പ്രയാസപ്പെടുകയാണ്. ഏറെ ജാഗ്രത പുലർത്തേണ്ട സമയമാണിത്. സ്കൂളുകൾക്കും, മദ്രസകൾക്കും അവധി പ്രഖ്യാപിച്ചത് അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ്. അവധിയാണെന്ന് കരുതി കുട്ടികളെ പുറത്തേക്ക് വിടുന്നതും വിനോദ കേന്ദ്രങ്ങളിലേക്ക് പോകുന്നതും നിർബന്ധമായും ഒഴിവാക്കണം. 

അപകടമുണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകണം. പ്രായമായവരെയും വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവരെയും പ്രത്യേകം ശ്രദ്ധിക്കണം. ജില്ലാ ഭരണകൂടങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളിൽ മുസ്ലിം ലീഗ് പ്രവർത്തകർ സഹകരിക്കണം. അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കാനും മഴയുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായമെത്തിക്കാനും ജില്ല, മണ്ഡലം കമ്മിറ്റികൾ ഏകോപിച്ച് ദുരിതാശ്വാസ പ്രവർത്തനം നിരീക്ഷിക്കണം. 

തീരദേശ മേഖലകളിൽ പ്രയാസം നേരിടുന്നവർക്ക് സഹായമെത്തിക്കണം. വൈറ്റ് ഗാർഡ് വളണ്ടിയർമാർക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണം. വരും ദിവസങ്ങളിലും മഴ തുടർന്നേക്കാം. വലിയ പ്രയാസങ്ങളിൽനിന്ന് നാഥൻ നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ.

Top