CMDRF

മോദിക്ക് മറുപടിയിമായി മുസ്‍ലിം വ്യക്തി നിയമ ബോർഡ്

മോദിക്ക് മറുപടിയിമായി മുസ്‍ലിം വ്യക്തി നിയമ ബോർഡ്
മോദിക്ക് മറുപടിയിമായി മുസ്‍ലിം വ്യക്തി നിയമ ബോർഡ്

ന്യൂഡൽഹി: രാജ്യത്ത് ‘‘മതേതര’’ സിവിൽ കോഡ് നടപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് കടുത്ത മറുപടിയുമായി ഓൾ ഇന്ത്യ മുസ്‍ലിം വ്യക്തി നിയമ ബോർഡ് രംഗത്ത്. ‘‘മതേതര’’ സിവിൽ കോഡ് സ്വീകാര്യമല്ലെന്നും ശരീഅത്ത് നിയമത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ സാധിക്കില്ലെന്നും മുസ്‍ലിം വ്യക്തി നിയമ ബോർഡ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

സ്വാതന്ത്ര്യ ദിനത്തിൽ ‘‘മതേതര’’ സിവിൽ കോഡിന് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും മതപരമായ വ്യക്തിനിയമങ്ങളെ സാമുദായിക നിയമങ്ങളായി വിശേഷിപ്പിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും മുസ്‍ലിം വ്യക്തി നിയമ ബോർഡ് വക്താവ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് ചൂണ്ടിക്കാട്ടി.

ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഗൂഢാലോചനയാണിത്. ഇന്ത്യൻ മുസ്‌ലിംകൾ തങ്ങളുടെ കുടുംബ നിയമങ്ങൾ ശരീഅത്തിൽ അധിഷ്‌ഠിതമാണെന്ന് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസ്‌ലിമിനും അതിൽ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ല. 1937ലെ ശരീഅത്ത് ആപ്ലിക്കേഷൻ ആക്ട് അംഗീകരിക്കപ്പെട്ടതാണ്. ആർട്ടിക്കിൾ 25 പ്രകാരം മതം പ്രചരിപ്പിക്കുന്നതും ആചരിക്കുന്നതും മൗലികാവകാശമായി ഇന്ത്യൻ ഭരണഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റ് സമുദായങ്ങളുടെ കുടുംബ നിയമങ്ങളും അവരുടെ മതപരവും പൗരാണികവുമായ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ, അവയിൽ കൃത്രിമം കാണിക്കുകയും എല്ലാവരിലും മതേതരത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അടിസ്ഥാനപരമായി മതനിഷേധവും പാശ്ചാത്യ അനുകരണവുമാണെന്നും ഡോ. ഇല്യാസ് ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെ നാലാം അധ്യായത്തിലെ നിർദേശകതത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു നിർദേശം മാത്രമാണ് ഏക സിവിൽ കോഡ്. നാലാം അധ്യായത്തിലെ എല്ലാ നിർദേശങ്ങളും നിർബന്ധമല്ല. കോടതികൾക്ക് അവ നടപ്പിലാക്കാനും കഴിയില്ല. ഈ നിർദേശകതത്വങ്ങൾ മൂന്നാം അധ്യായ പ്രകാരം ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളെ മറികടക്കാൻ സാധിക്കില്ല.

മതവിഭാഗങ്ങൾക്കും സാംസ്കാരിക വിഭാഗങ്ങൾക്കും അവരുടെ മതം ആചരിക്കാനും അവരുടെ സംസ്കാരം നിലനിർത്താനും അവകാശമുള്ള ഒരു ഫെഡറൽ രാഷ്ട്രീയഘടനയും ബഹുസ്വര സമൂഹവുമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. ഭരണഘടനാപരമായ ഏക സിവിൽ കോഡിന് പകരം പ്രധാനമന്ത്രി മതേതര സിവിൽ കോഡ് ഉപയോഗിക്കുന്നത് ബോധപൂർവവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഡോ. ഇല്യാസ് ആരോപിച്ചു.

Top