മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം സമുദായത്തിന്റെ വോട്ട് നിർണായകം. മുസ്‌ലിംവോട്ടുകൾ ഭിന്നിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഒവൈസി സഹോദരങ്ങളുടെ മജ്‌ലിസ് പാർട്ടിയും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. മുസ്‌ലിങ്ങൾ നിർണായകമായിട്ടുള്ള മണ്ഡലങ്ങളിലാണ് ഈ കക്ഷികൾ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് 4136 സ്ഥാനാർഥികളിൽ 420 പേർ മുസ്‌ലിം വിഭാഗത്തിൽ നിന്നുള്ളവരാണ്. കോൺഗ്രസ് ഒൻപതു പേർക്കും ശരദ്പവാർ വിഭാഗം എൻ.സി.പി. മൂന്നുപേർക്കും സീറ്റ് നൽകി. ബി.ജെ.പി. മുസ്‌ലിങ്ങൾക്ക് സീറ്റ് നൽകിയിട്ടില്ല. എന്നാൽ, അജിത്പവാർ വിഭാഗം എൻ.സി.പി. അഞ്ചുപേർക്കും ഷിന്ദേ വിഭാഗം ശിവസേന ഒരാൾക്കും സീറ്റ് നൽകി.
218 പേരാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. 16 പേർ ചെറിയകക്ഷികളിൽനിന്നും മത്സരിക്കുന്നു. മജ്‌ലിസ് പാർട്ടി 16 പേരെയും സമാജ്‌വാദി പാർട്ടി ആറ് പേരേയും നിർത്തിയിട്ടുണ്ട്. ഇവർ വോട്ട് വിഘടിപ്പിക്കുന്നവരായി മാറുമോ എന്നുള്ളതാണ് അറിയേണ്ടത്. സംസ്ഥാനത്തെ 11.56 ശതമാനം വരുന്ന മുസ്‌ലിങ്ങൾ തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിർണായഘടകമാണ്.