വേനല്‍ക്കാലത്ത് വേണം നാച്ചുറല്‍ ഹെയര്‍ പാക്ക്

വേനല്‍ക്കാലത്ത് വേണം നാച്ചുറല്‍ ഹെയര്‍ പാക്ക്
വേനല്‍ക്കാലത്ത് വേണം നാച്ചുറല്‍ ഹെയര്‍ പാക്ക്

വേനല്‍ ചൂടില്‍ ശരീരത്തെപോലെ തന്നെ പരിചരണം വേണ്ട ഒന്നാണ് മുടി. ഇതൊന്നും അത്ര എളുപ്പമല്ല. ആരോഗ്യകരമായ ജീവിതശൈലിക്കൊപ്പം തന്നെ മുടിക്ക് കൃത്യമായ പരിചരണവും ഉറപ്പാക്കിയാല്‍ മാത്രമല്ല നല്ല ആരോഗ്യമുള്ള മുടി ലഭിക്കുകയുള്ളൂ.
മുടി വളരാനും മിനുസമാകാനുമൊക്കെ പല തരത്തിലുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ ഇന്ന് സുലഭമാണ്. എന്നാല്‍ ഇവയൊക്കെ ഉപയോഗിച്ചാല്‍ എത്രത്തോളം ഫലപ്രദമാണെന്ന കാര്യം സംശയമാണ്,മാത്രവുമല്ല ഇവയുടെ പാര്‍ശ്വഫലങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്. മുടിയില്‍ പ്രയോഗിക്കാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഹെയര്‍ മാസ്‌കുകളാണ് എപ്പോഴും നല്ലത്. മുടിയുടെ സംരക്ഷണത്തിനായുള്ള വിവിധ കൂട്ടുകള്‍ തയ്യാറാക്കുന്നതില്‍ തൈര് ഒരു പ്രധാന ഘടകമാണ്. തൈരില്‍ അസിഡിറ്റി ഉണ്ട്, മാത്രമല്ല പ്രോട്ടീന്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ എ തുടങ്ങിയ പോഷകങ്ങളാലും സമ്പുഷ്ടമാണ് തൈര്. മുടിയില്‍ തൈര് ഉപയോഗിക്കുന്നത് ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും മുടി കെട്ട് പിണഞ്ഞ് കെട്ടികിടക്കുന്നത് തടയുകയും അതോടൊപ്പം മുടിയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. അതുമാത്രമല്ല തൈര് ഒരു സ്വാഭാവിക കണ്ടീഷ്ണര്‍ കൂടിയാണ്, ഇത് മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്നു. തലയോട്ടി മിനുസമുള്ളതാക്കാനും അതുവഴി താരന്‍ ഇല്ലാതാക്കാനും തൈര് ഉപയോഗിക്കാം.

ഇനി എങ്ങനെയാണ് തൈര് മാസ്‌ക് തയ്യാറാക്കുന്നതെന്ന് നോക്കാം താരനെ തുരത്താനാണെങ്കില്‍ തൈരും മുട്ടയും ചേര്‍ന്ന് തയ്യാറാക്കുന്ന ഹെയര്‍ മാസ്‌ക് ഉപയോഗിക്കാം. ഏകദേശം 30 മുതല്‍ 40 മിനിറ്റ് വരെ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ ഒരു തവണ ഈ മാസ്‌ക് ഉപയോഗിക്കാം. ഹെയര്‍ സ്പാ കഴിഞ്ഞത് പോലെ മുടിയെ തോന്നിക്കാന്‍ ഈ മാസ്‌ക് സഹായിക്കും. മുട്ട പ്രശ്‌നമുള്ളവര്‍ക്ക് തൈരില്‍ അല്‍പം ചെറുനാരങ്ങ നീര് ചേര്‍ത്ത് ഉപയോഗിക്കാം. ഇനി തൈര് നേരിട്ട് തലയില്‍ തേച്ചാലും ഉത്തമമാണ്. തൈരും തേനും യോജിപ്പിച്ചെടുത്ത് മാസ്‌ക് തയ്യാറാക്കാം. ഇതിനായി അരക്കപ്പ് തൈര്, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യം. യോജിപ്പിച്ചെടുത്ത് 30 മിനിറ്റോളം തലയില്‍ തേച്ച് കഴുകിക്കളയാം. തൈരും വെളിച്ചെണ്ണയും ചേര്‍ത്ത മാസ്‌ക്-കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും മുടിക്ക് വളരെ ഉത്തമമാണ് ഈ മാസ്‌ക്. തയ്യാറാക്കാനായി അരക്കപ്പ് തൈര്, രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കാം. 20 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം. തൈര്-കറ്റാര്‍വാഴ മാസ്‌ക്-അരക്കപ്പ് തൈര്, നാല് ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ യോജിപ്പിച്ച് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കാം. 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുടിയുടെ അകാല നര തടയാനും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആരോഗ്യകരമായ ഒരു പ്രോബയോട്ടിക്ക് കൂടിയാണ് തൈര് എന്ന കാര്യം മറക്കണ്ട.

Top